പൊതുസമുഹത്തെ വോട്ടിനെക്കുറിച്ചും വോട്ടിംഗിന്റെ പ്രധാന്യത്തെക്കുറിച്ചും പ്രസംഗിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാറില്ല. ചിത്രങ്ങളും ഗ്രഫിക്‌സുകളും സഹിതം ബോക്‌സ് ഐറ്റമായി പത്രങ്ങളിലും സ്‌പെഷ്യല്‍ പ്രോഗ്രാമുകളായി ചാനലുകളിലും പൊതുസമൂഹത്തിന് വോട്ടിംഗിനെക്കുറിച്ച് വിവരിച്ച് കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ ? തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥികളോടൊപ്പം ‘ലൈവ്’ ആയി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍.
എല്ലായിടത്തും എപ്പോഴും എല്ലാവരുടെയും ആവശ്യങ്ങള്‍ക്കായി പൊതുശബ്ദമായി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്താന്‍ സാധിക്കാറില്ല. തെരഞ്ഞെടുപ്പ് ദിവസം പ്രധാനപ്പെട്ട നേതാവിനൊപ്പമോ വി.ഐ.പി.യോടൊപ്പമോ അദ്ദേഹം വോട്ട് ചെയ്യുന്നതിന് സാക്ഷിയാകാന്‍ വിധിക്കപ്പെട്ട് ചിലര്‍. പോളിംഗ് ബൂത്തുകള്‍ കയറി ഇറങ്ങി പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ആത്മവിശ്വസം പകരുന്ന നേതാവിനൊപ്പം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട് മറ്റു ചിലര്‍. സ്വന്തം അവകാശം നേടാന്‍ കഴിയാതെ മറ്റുള്ളവരുടെ ആവശ്യം നേടിയെടുക്കാന്‍ ബാധ്യസ്ഥരായാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ഇന്ന് ജോലി ചെയ്യുന്നത്.
പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ ആപേക്ഷിച്ച് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അല്‍പ്പം കഠിനം തന്നെയാണ്. ജില്ലയിലെ എതെങ്കിലും ഒരു കോണില്‍ നിന്ന് വീക്ഷിച്ചുകൊണ്ട് ജില്ലയൊട്ടാകെ നടക്കുന്ന വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് വിവരിക്കാന്‍ നിര്‍ബദിതരാക്കപ്പെട്ടവര്‍, ഒരോ രണ്ടു മണിക്കുറില്‍ മാത്രം പോളിംഗിന്റെ ഔദ്യോഗിക കണക്കെടുക്കുമ്പോള്‍ ഒരു മണിക്കൂറില്‍ ഇടവിട്ട് ലൈവ് പോളിംഗ് ശതമാനം ഡെസ്‌കില്‍ വിളിച്ച് അറിയിക്കേണ്ടവര്‍… അങ്ങനെ ഒടുവില്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് ബാലറ്റുമായി മടങ്ങുന്നവര്‍ക്കൊപ്പം യാത്ര, ഓടുവില്‍ കണക്കുകൂട്ടലും ചര്‍ച്ചകളും വിലയിരുത്തലുകളുമായി മണിക്കുറുകള്‍ നീളുമ്പോള്‍ അര്‍ദ്ധരാത്രിയോടെ ഒഫീസില്‍ നിന്ന് മടക്കം.
മാധ്യമപ്രവര്‍ത്തകരുടെ വോട്ട് അവകാശത്തിനായി ശബ്ദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പോലുമില്ല. പൊലീസുകാര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടുപോലുള്ള സംവിധാനമുള്ളപ്പോള്‍ എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഡൂട്ടിയുള്ളവര്‍ക്ക് അത്തരം ഒരു ബദല്‍മാര്‍ഗം അനുവദിച്ചുകൂടാ ?
അതുമല്ലെങ്കില്‍ സാങ്കേതികമായി ഇത്രയേറെ പുരോഗമനങ്ങള്‍ ഉണ്ടായിട്ടും ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനത്തെക്കുറിച്ച് ആരും ചര്‍ച്ചപോലും ചെയ്യാത്തത് എന്തുകൊണ്ടാണ് ? വോട്ട് ചെയ്യുക എന്നത് ഏതൊരു പൗരന്റെയും അവകാശമെന്നത് പോലെ മാധ്യമപ്രവര്‍ത്തകരുടെയും അവകാശമാണ്. അതിനൊരു സംവിധാനം ഉണ്ടാകുന്നതിന് മാധ്യപ്രവര്‍ത്തകരുടെ സംഘടനകളും സര്‍ക്കാരുകളും മുന്‍ കൈയെടുക്കണം.
മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം , ജോലിസ്ഥിരത, ജോലിസാഹചര്യങ്ങള്‍ തുടങ്ങിയവയിലൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ പോലും വിഷ്വല്‍ മീഡിയയെ ഉള്‍പെടുത്തിയിട്ടില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും അതും പ്രാബല്യത്തിലായില്ല. കരാര്‍ ജോലിയും ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയും വ്യാപകമായിരിക്കുന്നു. ആപത്കരമായ നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നെടുതൂണുകളില്‍ ഒന്നായ മീഡിയയ്ക്ക് ഇത്തരമൊരു അവസ്ഥാവിശേഷം ഉണ്ടാകുന്നത് ഒട്ടും ഭൂഷണമല്ല.
നമ്മുടെ നാടിന്റെ പുരോഗതിയിലും വികസനത്തിലും, ഈ നാടിനെ ജനാധിപത്യത്തിലും മതേതരത്വത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നതിലും സുപ്രധാനമായ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചത്. ഈ നെടുംതൂണ്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോള്‍ അവര്‍ക്ക് പിന്തുണയും കരുത്തും പകരാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കുമുണ്ട്. മാധ്യമരംഗം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഭരണാധികാരികള്‍ക്കും സര്‍ക്കാരിനും ഉത്തമ ബോധ്യമുണ്ടൊ. ഇക്കാര്യത്തില്‍ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിക്കാനും സാധ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകണം . മാധ്യമരംഗം ഏതെല്ലാം പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയാലും വെല്ലുവിളികള്‍ നേരിട്ടാലും വിശ്വാസ്യതയെന്ന കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചാലേ നിലനില്‍ക്കാനാകുകയുള്ളു. പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന അക്ഷരങ്ങളും ചാനലുകളില്‍ ഉച്ചരിക്കപ്പെടുന്ന വാക്കുകളും വിശ്വസിക്കുന്ന സമൂഹമാണ് നമുക്കുള്ളത്. വരികള്‍ക്കിടയിലൂടെയും വാക്കുകള്‍ക്കിടയിലൂടെയും സഞ്ചരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. നൂറ്റാണ്ടു പിന്നിട്ട പത്രങ്ങളും കാല്‍നൂറ്റാണ്ടു പിന്നിട്ട ചാനലുകളും നമുക്കുണ്ട്. പത്രപ്രവര്‍ത്തന ചരിത്രത്തിലും മാധ്യമ സാക്ഷരതയിലും മാധ്യമ സാന്ദ്രതയിലും കേരളം എന്നും മുന്നിലാണ്.
ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍, സമീപകാലത്തെ പല സംഭവങ്ങളും മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അക്ഷരങ്ങളിലും വാക്കുകളിലും മായം ചേര്‍ത്തിട്ടുണ്ടോയെന്ന് ആത്മഗതം നടത്തണം. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സമാന്തരമായി നവമാധ്യമങ്ങളും ഇപ്പോള്‍ രംഗത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയോ, വിസ്മരിക്കുകയോ ചെയ്യുന്ന പല വാര്‍ത്തകളും നവമാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെയാണ് നവമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഓരോ വ്യക്തിയും ഇന്നൊരു മാധ്യമമാണ്. ജനാധിപത്യത്തില്‍ മാധ്യമനിയന്ത്രണത്തിന് വലിയ പ്രസക്തിയില്ല. സ്വയം നിയന്ത്രണവും ആത്മസംയമനവും ആത്മപരിശോധനയുമാണ് ആവശ്യം. ജനാധിപത്യത്തിലെ ബഹുസ്വരതയും വൈവിധ്യവും സംരക്ഷിക്കുകയെന്ന സുപ്രധാനമായ പങ്കും മാധ്യമങ്ങള്‍ക്കുണ്ട്. നാടിന്റെ പുരോഗതിയിലും വികസനത്തിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ നാടിന് ഏറെ മുന്നോട്ടുപോകാനാകില്ല. വികസനകാര്യത്തില്‍ ഇക്കാലത്ത് പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ പൊതുവായ ചില ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്. പൊതുരംത്തും പോലീസിലും തിരഞ്ഞെടുപ്പു ജോലിക്കും ചുമതലപ്പെടുന്നവര്‍ക്കും അവരുടെ സമ്മതിനാവകാശം രേഖപ്പെടുത്താന്‍ പോസ്റ്റല്‍ വോട്ട് സംവിധാനം ഉള്ളപ്പോള്‍ നാടിന്റെ കൃഷ്ണമണിപോലെ തുറന്നു വെച്ച കണ്ണുകളുമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ -അധികാരികള്‍ തയ്യാറാകണം .പത്ര പ്രവര്‍ത്തക രംഗത്തെ സിംഹങ്ങള്‍ അവരുടെ ശബ്ദ്ദം ഉയര്‍ത്തണം .മാധ്യമ രംഗത്ത് വെറും കഴുതകളാകാതെ ‘ജാനാധിപത്യ സംവിധാനത്തില്‍ പങ്കാളികളാകാനും അതിനുള്ള അവസരത്തിനും വേണ്ടി നിങ്ങളുടെ തൂലിക ചലിക്കണം .നിങ്ങളുടെ സ്വരം ഉയരണം …അതിനായി അധികാരികളുടെ കണ്ണ്തുറപ്പിക്കാനുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ പിന്തുണയും അറിയിക്കുന്നു .കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിനെങ്കിലും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് കേരള സര്‍ക്കാരിനോട് എ ഡി.ഐ എച്ച് ന്യുസ് ആവശ്യപ്പെടുകയാണ് .അതിനായി അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ മാധ്യമ സുഹൃത്തുക്കള്‍ മുന്നോട്ടു വരണം …അതോടൊപ്പം മാധ്യമ രംഗത്തെ ചൂഷണവും വിസ്മരിച്ചു കൂട.വെറും പേരും പെരുമയും മാത്രമായി മണിക്കൂറുകള്‍ പണിയെടുക്കുന്ന മാധ്യമ തൊഴിലാളിയുടെ അവകാശത്തിനും സ്വരമുയര്-ത്താന്‍ ആരെങ്കിലും കടന്നു വരണം .