കേരളം മുഴുവന്‍ ശപിച്ച ഒരു സ്ത്രീപീഡകനെ എന്തിന് നിങ്ങള്‍ സംരക്ഷിക്കുന്നു; അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിയില്‍വച്ചു ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസിനെ പിന്തുണച്ചും അഭിഭാഷകരെ വിമര്‍ശിച്ചും ജോയ് മാത്യുവിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്. കേരളം മുഴുവന്‍ ശപിച്ച ഒരു സ്ത്രീപീഡകനെ സംരക്ഷിക്കാനായി മുന്നോട്ടുവന്നത് കറുത്ത കോട്ടുകാരായിരുന്നു. പണത്തിനു മുകളില്‍ പരുന്തല്ല നീതിയുള്ള ദല്ലാളന്മാരാണു പറക്കുന്നതെന്നാണ് ഇതില്‍നിന്നു ബോധ്യപ്പെടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മനസ്സാക്ഷിക്കുത്ത് ‘എന്നൊരു വാക്ക് നമ്മള്‍ മലയാളികളുടെ സംസ്‌കാരത്തില്‍

പണ്ട് ഉണ്ടായിരുന്നു-അതിനു ജാതിയോ മതമോ പാര്‍ട്ടിയൊ ഉണ്ടായിരുന്നില്ല – അത് നമ്മള്‍ ആര്‍ജ്ജിച്ച സംസ്‌കാരത്തില്‍ നിന്നും നാം തന്നെ സ്വാംശീകരിച്ചതായിരുന്നു.
ഇന്നിപ്പോള്‍ കേരളം മുഴുവന്‍ ശപിച്ച ഒരു സ്ത്രീ പീഡകനെ സംരക്ഷിക്കാനും വക്കാലത്തു പിടിക്കാനും തയ്യാറായി കറുത്തകോട്ടുകാര്‍ മുന്നോട്ട് വരുന്നത് കണ്ടപ്പോള്‍ ഒരു കാര്യം വീണ്ടും മനസ്സിലായി- പണത്തിനുമുമ്പില്‍ പരുന്തല്ല ഇപ്പോള്‍ പറക്കുന്നത് നീതിയുടെ ദല്ലാളന്മാരാണ്.
അതിന് അവര്‍ക്കൊരു ന്യായവുമുണ്ട്-ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്- ഈ ഒരു ന്യായത്തിന്റെ മറവില്‍ വക്കീലന്മാര്‍ക്ക് ഏതുകൊടും കുറ്റവാളിക്ക് വേണ്ടിയും വക്കാലത്തുകൊടുക്കാം-
വേണ്ടിവന്നാല്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസുമായി ബലപ്രയോഗം നടത്താനും വക്കീലന്മാര്‍ തയ്യാറാകും എന്ന് കഴിഞ്ഞ ദിവസം കോടതി മുറിയില്‍ നിന്നുള്ള ദ്രശ്യങ്ങള്‍ നമുക്ക് കാണിച്ചു തന്നു-
ഗോവിന്ദ ചാമിമാര്‍ക്ക് ഇതില്‍പ്പരം ആത്മവിശ്വാസം എവിടുന്നു ലഭിക്കാന്‍ !
ഇവിടെയാണൂ നമുക്ക് നഷ്ടമായ ‘മനസ്സാക്ഷിക്കുത്തെ’ന്ന സാംസ്‌കാരിക സമ്പത്തിനെ തിരിച്ചു പിടിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നത്-
എന്നാല്‍ ചില വക്കീലന്മാരെങ്കിലും ഇപ്പോഴും പണത്തിനു വേണ്ടിയല്ലാതെ സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ചും സമൂഹനന്മ കാംഷിച്ചും ചില കേസുകള്‍ക്ക് വക്കാലത്ത് എടുക്കാത്തവര്‍ ഉണ്ട് എന്നതാണ് ആശ്വസിക്കാവുന്ന ഒരു കാര്യം-
എന്നാല്‍ തെരുവില്‍ വച്ച് പിച്ചിചീന്തപ്പെട്ട സ്ത്രീത്വത്തെ ന്യായീകരിക്കാന്‍ വക്കാലത്തെടുക്കാന്‍ വരുന്നവരുടെ വീട്ടില്‍ നിന്നും ‘നിങ്ങള്‍ക്ക് ഈ സ്ത്രീ പീഡകര്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കാന്‍ നാണമില്ലേ ‘എന്ന് സ്വന്തം ഭാര്യയും പെണ്മക്കളും ചോദിക്കാത്ത കാലത്തോളം ‘മനസ്സാക്ഷിക്കുത്ത് ‘എന്നത് മലയാളിയുടെ സാംസ്‌കാരിക നിഘണ്ടുവില്‍ നിന്നും താമസിയാതെ അപ്രത്യക്ഷമാവും.
പള്‍സര്‍ സുനിക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എതിരെ നടനും ജോയ് മാത്യു രംഗത്തെത്തിയിരുന്നു.. ‘ ചെന്നിത്തലയും കുമ്മനവും വക്കീല്‍മാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? തീര്‍ച്ചയായും ‘കീഴടങ്ങാന്‍’ വന്ന പ്രതിയെ പൊലീസില്‍ നിന്നും മോചിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കറുത്ത കോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണു പള്‍സര്‍ അറസ്റ്റിനെക്കുറിച്ചുള്ള ഇരുവരുടേയും പ്രതികരണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാവുകയെന്ന് ജോയ് മാത്യു പ്രതികരിച്ചു. വി ടി ബല്‍റാം, ഷാഫി പറബില്‍, വിഷ്ണുനാഥ് തുടങ്ങിയ നമുക്ക് പ്രതീക്ഷയുള്ള യുവ കോണ്‍ഗ്രസ്സ്‌കാര്‍ക്കും പി എസ് ശ്രീധരന്‍ പിള്ളയേപ്പോലെയോ വി.മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബിജെപി ക്കാര്‍ക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തില്‍ ഉള്ളത് എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ജോയ് മാത്യു ചോദിക്കയുണ്ടായി.

Top