ന്യുഡൽഹി : ദില്ലി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറിന് സ്ഥലം മാറ്റം. സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും സാന്ത്വന നടപടികളുമായി ഡല്‍ഹി ഹൈക്കോടതി രംഗത്ത് വന്നിരുന്നു . യുദ്ധകാലാടിസ്ഥാനത്തില്‍ അഭയകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ ഉത്തരവിട്ടു. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണം. കേന്ദ്രസര്‍ക്കാരിലെയും ഡല്‍ഹി സര്‍ക്കാരിലെയും ഉന്നതര്‍ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കണം.
നടപടികള്‍ ഏകോപിപ്പിക്കുന്നതിന് അഡ്വ. സുബേദ ബീഗത്തിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചിരുന്നു .അതേസമയം ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാൻ നേരത്തെ കൊളീജിയം ശുപാർശ ചെയ്തിരുന്നു. പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള ശുപാർശയ്ക്കെതിരെ ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
നേരത്തെ ദില്ലി കലാപക്കേസ് പരിഗണിക്കവെ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മുരളീധർ ഉന്നയിച്ചത്. ദില്ലിയിൽ പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നത് അക്രമികൾ തടയുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ അർദ്ധരാത്രിയിൽ ജസ്റ്റിസ് മുരളീധറിന്റെ ഹർജിയിൽ വാദം കേട്ടിരുന്നു. അടിയന്തര ചികിത്സാ സഹായം നൽകണണെന്നും ഉച്ചയോടെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കലാപക്കേസ് പരിഗണിക്കുന്നതിനിടെ അസാധാരണ നടപടികളാണ് ദില്ലി ഹൈക്കോടതിയിൽ ഉണ്ടായത്.
ദില്ലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ ഉത്തരവിട്ടിരുന്നു. ദില്ലി പോലീസിനെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കപിൽ മിശ്രയുടെ വിവാദ പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് പരിഗണിക്കുന്ന ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നത്.