എം വി ജയരാജനെ പോലെ എസ് സുദീപ് ജഡ്ജ് കോടതിയെ വെല്ലുവിളിച്ചോ ?ജഡ്ജി രാജിവെച്ചത് എന്തിനായിരുന്നു?

സമൂഹമാധ്യമങ്ങളിലെ വിവാദ പോസ്റ്റുകളുടെ പേരിൽ അച്ചടക്ക നടപടിക്കു ഹൈക്കോടതി ശുപാർശ ചെയ്തതിന് പിന്നാലെ രാജിവച്ച മുൻ ജഡ്ജി സുദീപിൻറെ ഏറ്റവും പുതിയ പോസ്റ്റ് വൈറലാകുന്നു. കേരള ഹൈക്കോടതിയുടെ ആ ശുപാർശക്കെതിരെ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ജഡ്ജി സുദീപിൻറെ പോസ്റ്റ്.

നിയമവാഴ്ച്ചയെ, കോടതി വിധിയെ പരസ്യമായി പിന്തുണച്ചു എന്നാരോപിച്ച് എനിക്കെതിരെ നടപടിക്കു ശുപാർശ ചെയ്ത, സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കാൻ എന്നെ ആരെങ്കിലും ചുമതലപ്പെടുത്തിയോ എന്ന് തന്നോട് ചോദിച്ചയാൾ ഉൾപ്പെടുന്ന കേരള ഹൈക്കോടതിയുടെ ഫുൾ കോർട്ടിലെ ജഡ്ജിമാരുടെ മുമ്പിൽ കേസു നൽകി സമയവും പണവും വെറുതെ കളയാൻ തക്ക മണ്ടനല്ല ഞാൻ എന്ന് സുദീപ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീം കോടതി ഉണ്ടല്ലോ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയും സുദീപ് നൽകി. കേസു നൽകി എത്രയോ കാലം കഴിഞ്ഞിട്ടും, അച്ചടക്ക നടപടിക്കു വിധേയനായ ആൾ റിട്ടയർ ചെയ്തു പോയിട്ടും തീർപ്പാക്കാത്ത സുപ്രീം കോടതിയിലാണോ തൻ പോകേണ്ടതെന്ന് സുദീപ് ചോദിക്കുന്നു.

കേരള ഹൈക്കോടതി നടത്തുന്ന നേരിട്ടുള്ള ജില്ലാ ജഡ്ജി നിയമനത്തിലെ ക്രമക്കേടുകൾ ചോദ്യം ചെയ്തു ഹർജികൾ നൽകിയ ശേഷം എത്രയോ ജില്ലാ ജഡ്ജി പരീക്ഷകളും നിയമനങ്ങളും നടന്നു കഴിഞ്ഞിട്ടും, ആ ഹർജികൾ കേൾക്കാൻ പോലും തയ്യാറാകാത്ത സുപ്രീം കോടതിയിലാണോ പോകേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു.

സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കാൻ തന്നെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നു ചോദിച്ചയാളുടെ പേരും ജഡ്ജ് സുദീപ് വെളിപ്പെടുത്തി.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :

ഞാൻ എന്തുകൊണ്ട് കോടതികളെ സമീപിച്ചില്ല എന്നു ചോദിക്കുന്ന നിഷ്കളങ്കരോട്…

സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കാൻ എന്നെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നു ചോദിച്ചയാൾ ഇന്ന് ഹൈക്കോടതി ജഡ്ജിയാണ്.

അന്നദ്ദേഹം ഹൈക്കോടതി രജിസ്ട്രാർ (സബോഡിനേറ്റ് ജുഡീഷ്യറി) ആണ്.

18.10.2018.
അവധി ദിവസമാണ്.

അന്നാണ് ഞാനാ പോസ്റ്റ് ഇടുന്നത്.

‘വലിയ വില കൊടുക്കേണ്ടി വരും’ എന്ന തലക്കെട്ടോടെ.

സുപ്രീം കോടതി വിധിക്കെതിരായ പ്രക്ഷോഭങ്ങൾക്കു മുമ്പിൽ തോറ്റു കൊടുത്താൽ ഭാവിയിൽ രാജ്യം വലിയ വില കൊടുക്കേണ്ടി വരും എന്നു വിശദീകരിച്ചായിരുന്നു ആ പോസ്റ്റ്.

അന്ന് സബ് ജഡ്ജിയായിരുന്ന ഞാൻ ഡപ്യൂട്ടേഷനിൽ കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയാണ്.

പോസ്റ്റ് ഇട്ടത് ഉച്ചയോടെ. ഉച്ച കഴിഞ്ഞ ഉടനെ രജിസ്ട്രാർ അദ്ദേഹത്തിൻ്റെ മൊബൈലിൽ നിന്ന് എന്നെ വിളിച്ച് ആ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഞാനദ്ദേഹത്തോടു ചോദിച്ചു:

– സർ, എൻ്റെ പോസ്റ്റ് സുപ്രീം കോടതി വിധിയെ പൂർണ്ണമായി അനുകൂലിച്ചാണ്, എന്താണതിലെ കുഴപ്പം?

മറുപടി:

– സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കാൻ നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ?

പിന്നെ അദ്ദേഹം കൂട്ടിച്ചേർത്തു:

– സുപ്രീം കോടതി വിധിയെ എതിർക്കുന്ന പല ജഡ്ജിമാരും കേരള ഹൈക്കോടതിയിലുണ്ട്. അതിലൊരാൾ പറഞ്ഞിട്ടാണ് ഞാൻ നിങ്ങളെ വിളിക്കുന്നത്.

ആ പോസ്റ്റ് അടക്കമുള്ള നാലു പോസ്റ്റുകളിലായിരുന്നു എനിക്കെതിരെ അച്ചടക്ക നടപടി എടുത്തത്.

എൻ്റെ മറുപടി ഭരണഘടനയെ അടിസ്ഥാനമാക്കിയായിരുന്നു.

സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കാൻ തീർച്ചയായും എനിക്കു ചുമതലയുണ്ട്. എന്നെ അപ്രകാരം ചുമതലപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയാണ്.

ഇന്ത്യൻ ഭരണഘടനയുടെ 51A (e), (h) അനുഛേദങ്ങൾ പ്രകാരം ഒന്നാം ശബരിമല വിധിയെ പിന്തുണയ്ക്കാൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ബാദ്ധ്യസ്ഥനാണ്.

അനുഛേദം 51 (മൗലിക കർത്തവ്യങ്ങൾ): താഴെപ്പറയുന്നവ ഭാരതത്തിലെ ഓരോ പൗരൻ്റെയും കർത്തവ്യം ആയിരിക്കുന്നതാണ് –

(e): സ്ത്രീകളുടെ അന്തസിനു കുറവു വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക.

(h): ശാസ്ത്രീയമായ കാഴ്ച്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക.

ഒന്നാം ശബരിമല വിധി സ്ത്രീകളുടെ അന്തസിനു കുറവു വരുത്തുന്നത്ത ആചാരങ്ങൾ പരിത്യജിക്കാനും, ശാസ്ത്രീയമായ കാഴ്ച്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

ഒരു പൗരനെന്ന നിലയിലും നിയമ സേവന അതോറിറ്റി സെക്രട്ടറി എന്ന നിലയിലും ആ മൗലിക കർത്തവ്യങ്ങൾ പ്രചരിപ്പിക്കാനുള്ള ചുമതല കൂടി എനിക്കുണ്ട്.

എൻ്റെ എഫ് ബി പോസ്റ്റുകൾ കോടതി വിധിയേയും നിയമവാഴ്ച്ചയേയും പരസ്യമായി പിന്തുണയ്ക്കുന്നു എന്ന മഹത്തായ കണ്ടെത്തലിൽ എൻ്റെ മൂന്ന് ഇൻക്രിമെൻ്റുകൾ തടഞ്ഞുവയ്ക്കാനായി, ഇന്ത്യൻ ഭരണഘടനയെ തെല്ലും മാനിക്കാത്ത കേരള ഹൈക്കോടതി ശുപാർശ ചെയ്തു.

കേരള ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും അടങ്ങുന്ന ഫുൾ കോർട്ടാണ് ആ ശുപാർശ നടത്തിയത്.

ആ ശുപാർശയെ തുടർന്ന് ഞാൻ രാജിവയ്ക്കുകയും ചെയ്തു.

ഇനി ഞാനെന്തു കൊണ്ട് ആ ശുപാർശക്കെതിരെ കോടതിയെ സമീപിച്ചില്ലെന്നു ചോദിക്കുന്നവരോട്:

നിയമവാഴ്ച്ചയെ, കോടതി വിധിയെ പരസ്യമായി പിന്തുണച്ചു എന്നാരോപിച്ച് എനിക്കെതിരെ നടപടിക്കു ശുപാർശ ചെയ്ത, സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കാൻ എന്നെ ആരെങ്കിലും ചുമതലപ്പെടുത്തിയോ എന്ന് ചോദിച്ച മഹാൻ കൂടി അടങ്ങുന്ന കേരള ഹൈക്കോടതിയുടെ ഫുൾ കോർട്ടിലെ ജഡ്ജിമാരുടെ മുമ്പിൽ കേസു നൽകി സമയവും പണവും വെറുതെ കളയാൻ തക്ക മണ്ടനല്ല ഞാൻ.

സുപ്രീം കോടതി ഉണ്ടല്ലോ എന്നു ചോദിക്കുന്നവരോട്:

കേസു നൽകി എത്രയോ കാലം കഴിഞ്ഞിട്ടും, അച്ചടക്ക നടപടിക്കു വിധേയനായ ആൾ റിട്ടയർ ചെയ്തു പോയിട്ടും തീർപ്പാക്കാത്ത സുപ്രീം കോടതിയിലോ?

കേരള ഹൈക്കോടതി നടത്തുന്ന നേരിട്ടുള്ള ജില്ലാ ജഡ്ജി നിയമനത്തിലെ ക്രമക്കേടുകൾ ചോദ്യം ചെയ്തു ഹർജികൾ നൽകിയ ശേഷം എത്രയോ ജില്ലാ ജഡ്ജി പരീക്ഷകളും നിയമനങ്ങളും നടന്നു കഴിഞ്ഞിട്ടും, ആ ഹർജികൾ കേൾക്കാൻ പോലും തയ്യാറാകാത്ത സുപ്രീം കോടതിയിലോ?

പൊതു പ്രാധാന്യമുള്ള ആർട്ടിക്കിൾ 370, പൗരത്വ നിയമ ഭേദഗതി, ഇലക്ടറൽ ബോണ്ട് എന്നിവയെയൊക്കെ ചോദ്യം ചെയ്യുന്ന ഹർജികൾ പോലും ഇപ്പോഴും പരിഗണിക്കാൻ തന്നെ തയ്യാറാകാത്ത, അതിനിടയിലും പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യം തീരുമാനിക്കാൻ മാത്രം അസാമാന്യ വേഗം കാട്ടിയ സുപ്രീം കോടതിയിലോ?

തനിക്കെതിരായ ലൈംഗിക ആരോപണം സ്വന്തം ബഞ്ചിൽ അസാധാരണ സിറ്റിംഗ് നടത്തി സ്വയം നിഷേധിച്ച, റിട്ടയർ ചെയ്യുന്ന അന്ന് തിരക്കിട്ട് രാമക്ഷേത്രം പണിയാൻ അനുവാദം നൽകിയ ഗോഗോയ് ചീഫ് ജസ്റ്റിസ് ആയി ഇരുന്ന സുപ്രീം കോടതിയിലോ?

സുപ്രീം കോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്താനായി രണ്ടു വർഷമായിട്ടും നാളിതുവരെ കൊളീജിയം കൂടാൻ പോലും തയ്യാറാകാത്ത സുപ്രീം കോടതിയിലോ?

അമിത് ഷായെ പഴയ സൊറാബുദ്ദീൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട ഇന്നത്തെ ത്രിപുര ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷി സുപ്രീം കോടതി ജഡ്ജിയായി എത്താതിരിക്കാനാണ് കൊളീജിയം കൂടാത്തതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ആ സുപ്രീം കോടതിയിലോ?

ഓർക്കണം, നാല് ഫെയ്സ് ബുക്ക് എഴുത്തുകളെ മാത്രം അടിസ്ഥാനമാക്കിയുള്ള എനിക്കെതിരായ നടപടിയിലെ, മൂന്നു പോസ്റ്റുകൾക്ക് ആധാരം സംഘപരിവാറിൻ്റെ പരാതികളും, ഒരെണ്ണത്തിന് ആധാരം ആർ എസ് എസ് നേതാവിനും സെൻകുമാറിനുമൊപ്പം പരസ്യമായി വേദി പങ്കിട്ട ദേവൻ രാമചന്ദ്രൻ എന്ന മഹാൻ്റെ വിധിയെ സംബന്ധിച്ച എൻ്റെ പോസ്റ്റിന്മേൽ മഹത്തായ ഹൈക്കോടതി സ്വയം എടുത്ത നടപടിയുമാണ്.

ആ ഞാൻ ഈ സുപ്രീം കോടതിയെ സമീപിച്ച് എൻ്റെ സമയവും പണവും ജീവിതവും പാഴാക്കണോ?

നിഷ്കളങ്കരായ നിങ്ങളുടെയൊക്കെയും പ്രതീക്ഷ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമാണ്. അതാണ് നിങ്ങൾ എന്നോട് എന്തുകൊണ്ട് കോടതിയിൽ ചോദ്യം ചെയ്തില്ല എന്നു ചോദിക്കുന്നത്. നിങ്ങളുടെ ആ വിശ്വാസം ഹൈക്കോടതിയും സുപ്രീം കോടതിയും അറിയുന്നുണ്ട് എന്നു നിങ്ങൾ കരുതുന്നുവോ?

എനിക്കു വിശ്വാസം സഖാവ് എം വി ജയരാജനെ തന്നെയാണ് എന്നു ഞാൻ ഉറക്കെത്തന്നെ പറയുന്നു.

എന്നെ ഫോൺ ചെയ്ത ആ മനുഷ്യൻ്റെ പേരു കൂടി പറയാം:

നായർ സർവീസ് സൊസൈറ്റി പ്രസിഡൻ്റ് റിട്ട. ജില്ലാ ജഡ്ജി നരേന്ദ്രനാഥൻ്റെ മകളുടെ ഭർത്താവ് ജസ്റ്റിസ് കെ ഹരിപാൽ. ജഡ്ജ് സുദീപ് പറഞ്ഞു നിർത്തി.

Top