ദില്ലി: മണിപ്പൂരിലെ വംശീയ കലാപം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അമിത് ഷാ പ്രഖ്യാപിച്ചു. അതിനിടെ, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കുകിവിഭാഗം ആവശ്യപ്പെട്ടു. ഇന്നലെ അമിത് ഷായുമായുള്ള കൂടികാഴ്ചയിലാണ് പ്രത്യേകം ഭരണ സംവിധാനം വേണമെന്ന് ഗോത്ര നേതാക്കൾ ആവശ്യപ്പെട്ടത്.
അക്രമവുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ സി ബി ഐ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. കലാപം തകര്‍ത്ത മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ആയിരിക്കും സി ബി ഐ അന്വേഷണം നടത്തുക അമിത് ഷാ വ്യക്തമാക്കി.
അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും അക്രമത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടുപിടിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നു എന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനും അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം മണിപ്പൂര്‍ ശാന്തമാണ് എന്നും ജനങ്ങള്‍ക്ക് വികസനവും ക്ഷേമവും തങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അഭയാര്‍ത്ഥികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.