ഭര്‍ത്താവിനെയും മകളെയും കൊല്ലാന്‍ അനുശാന്തി പറഞ്ഞു; അവിഹിത ബന്ധം അതിരുവിട്ടപ്പോള്‍കാമുകന്‍ ചെയ്ത കൊടും ക്രൂരത; ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം ഇങ്ങനെ

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യവും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊടുക്രൂരതയാര്‍ന്ന കൊലപാതകത്തിലേക്ക് നയിച്ചത്. ഭര്‍ത്താവിന്റെ അമ്മയേയും ഭര്‍ത്താവിനെയും മകളെയും ഇല്ലാതാക്കിയാല്‍ ഇരുവര്‍ക്കും ഒരുമിച്ച് കഴിയാമെന്ന് ബുദ്ധിശൂന്യതയാണ് അരുകൊലയിലെത്തിച്ചത്.

മുന്ന് വയസുകാരിയേയും ഭര്‍ത്താവിനേയും ഇല്ലാതാകാന്‍ തന്ത്രം മെനഞ്ഞത് സ്വന്തം അമ്മതന്നെയായിരുന്നു.ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സിനു സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (നാല്) എന്നിവരാണു 2014 ഏപ്രില്‍ 16നു വീടിനുള്ളില്‍ അരുംകൊല ചെയ്യപ്പെട്ടത്. ലിജീഷിനും ഗുരുതര വെട്ടേറ്റിരുന്നു.സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ തിരുവനന്തപുരം കരമണില്‍ മാഗി നിവാസില്‍ നിനോ മാത്യു (40)വിനെയും ലിജീഷിന്റെ ഭാര്യയും ടെക്‌നോപാര്‍ക്കില്‍ ഇതേ കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന അനുശാന്തി (32)യെയും അന്നുതന്നെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണു കരിമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയില്‍ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളില്‍ വരെ അതിര്‍ത്തികള്‍ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകള്‍ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈല്‍ഫോണില്‍ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയില്‍ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

ആലംകോട് ചാത്തമ്പറയില്‍ പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ ലിജീഷും പിതാവ് തങ്കപ്പന്‍ ചെട്ടിയാരും അവിടെയായിരിക്കവെ സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിയ നിനോ മാത്യു കെഎസ്ഇബി ജീവനക്കാരനാണെന്നും ലിജീഷിന്റെ സുഹൃത്താണെന്നും വിവാഹം ക്ഷണിക്കാന്‍ വന്നതാണെന്നും പരിചയപ്പെടുത്തി ഓമനയെക്കൊണ്ടു ഫോണില്‍ ലിജീഷിനെ വീട്ടിലേക്കു വിളിപ്പിക്കുകയായിരുന്നു. അടുക്കളയിലേക്കു തിരിഞ്ഞ ഓമനയുടെ പിന്നാലെ എത്തിയ നിനോ മാത്യു കുട്ടിയെ ഒക്കത്തെടുത്തു നിന്നിരുന്ന ഓമനയെ ബേസ്‌ബോള്‍ സ്റ്റിക്ക് കൊണ്ട് അടിച്ചുവീഴ്ത്തി, കഴുത്തില്‍ തുരുതുരെ വെട്ടുകയായിരുന്നു.

തുടര്‍ന്നു കുട്ടിയെയും വെട്ടിക്കൊലപ്പെടുത്തി. നാലു വയസ്സുകാരിയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വാതിലിനിടയില്‍ മറഞ്ഞുനിന്നു. ബൈക്കില്‍ വീട്ടിലെത്തിയ ലിജീഷ് അകത്തു കയറുന്നതിനിടെ മുഖത്തു മുളകുപൊടിയെറിഞ്ഞു കഴുത്ത് ലക്ഷ്യമാക്കി വെട്ടുകയായിരുന്നു. ആദ്യവെട്ട് തടുത്ത് അലറിക്കരഞ്ഞു പുറത്തേക്കോടിയ ലിജീഷിനെ പിന്തുടര്‍ന്നു വെട്ടിവീഴ്ത്തി വീടിനു താഴെയുള്ള ഇടവഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോഴേക്കും ഓമനയും ചെറുമകളും മരിച്ചിരുന്നു.

മോഷണത്തിനിടെയുള്ള കൊല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതെന്നായിരുന്നു ആദ്യ സംശയം .ചിട്ടിപിടിക്കാനെന്നും പറഞ്ഞു പത്തര മണിയോടെ ഓഫിസ് വിട്ടിറങ്ങിയ നിനോ മാത്യു കഴക്കൂട്ടത്തു കാര്‍ ഒതുക്കി ബസിലാണ് ആലംകോട്ടെത്തിയതും നടന്നു വീട്ടിലെത്തി അരുംകൊലകള്‍ നടത്തി മടങ്ങിയതെന്നുമായിരുന്നു പൊലീസ് വിശദീകരണം. ഭാര്യയും നാലു വയസ്സുകാരി മകളുമുളള നിനോ മാത്യു ഇവരെ വിട്ടാണ് അനുശാന്തിയുമായി അടുത്തത്.

Top