സൗമ്യ വധക്കേസ്; സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ റദ്ദാക്കിയത് തെറ്റെന്ന് കട്ജു

markandey-katju

ദില്ലി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ റദ്ദാക്കിയത് തെറ്റെന്ന് കട്ജു പറയുന്നു. ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചാര്‍ത്താനുള്ള തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബലാത്സംഗം തെളിഞ്ഞിട്ടുണ്ടെങ്കിലും കൊല്ലാന്‍ വേണ്ടി സൗമ്യയെ ഗോവിന്ദച്ചാമി എന്തെങ്കിലും ചെയ്തു എന്നു തെളിവൊന്നുമില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.  ഐപിസി 302 പ്രകാരം വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റം ചെയ്തിട്ടില്ലെന്നു പറയുന്ന കോടതി പക്ഷേ നാലഞ്ചു തവണ ഗോവിന്ദച്ചാമി സൗമ്യയുടെ തല ട്രെയിനിലെ കംപാര്‍ട്ട്മെന്റില്‍ ഇടിച്ചതു സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐപിസി 300 പ്രകാരം കൊലക്കുറ്റം ചാര്‍ത്താം എന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടെ അല്ലെങ്കില്‍ പോലും മരണത്തിന് കാരണമാകുന്ന തരത്തില്‍ മുറിവേല്‍പിക്കുകയും ആ മുറിവ് മൂലം ഇര മരണപ്പെടുകയും ചെയ്താല്‍ ഐപിസി 300 പ്രകാരം അത് കൊലക്കുറ്റമായി പരിഗണിക്കാമെന്ന് ജസ്റ്റിസ് കട്ജു വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ മരണങ്ങളില്‍ പോലും ഒരാളെ ശരീരത്തില്‍ മുറിവേല്‍പിക്കുകയും ആ മുറിവ് മരണത്തിനു കാരണമാകുകയും ചെയ്താല്‍ അത് കൊലക്കുറ്റമായി കാണാമെന്ന് ഐപിസി 300ന്റെ മൂന്നാം ഭാഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍, സുപ്രീംകോടതി ഈ ഭാഗം പൂര്‍ണമായും നിരാകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സൗമ്യയുടെ തലയില്‍ ഗോവിന്ദച്ചാമി ഗുരുതരമായ മുറിവുണ്ടാക്കി. ഈ മുറിവാണ് സൗമ്യയെ മരണത്തിലേക്ക് നയിച്ചത്. തല കംപാര്‍ട്ട്മെന്റില്‍ ഇടിച്ച ശേഷമാണ് പുറത്തേക്ക് തള്ളിയിട്ട് സൗമ്യയെ ബലാത്സംഗം ചെയ്തത്.

കൂടാതെ ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടില്‍ നിന്ന് പൊട്ടിപ്പോയ ബട്ടണ്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം സൗമ്യയുടെ മുടിയില്‍ ചൂടുന്ന ക്ലിപ്പിന്റെ കഷ്ണം, മറ്റു വസ്തുക്കള്‍ എന്നിവയും തെളിവായി കംപാര്‍ട്ട്മെന്റില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടില്‍ നിന്നും കണ്ടെത്തിയ രക്തം സൗമ്യയുടേതാണ് എന്നതിനും ശാസ്ത്രീയ സ്ഥിരീകരണമുണ്ട്. സൗമ്യയുടെ ശരീരത്തില്‍ നിന്നും ഗോവിന്ദച്ചാമിയുടെ ബീജം കണ്ടെത്തിയതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

ഇത്രയും തെളിവുണ്ടായിട്ടും നിരാകരിച്ച സുപ്രീംകോടതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വിധിന്യായം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Top