ശബരിമല വിധിയില്‍ വീണ്ടും കടുത്ത പ്രതികരണവുമായി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍. തന്റെ വിധി പഠിക്കണമെന്നും നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് പറഞ്ഞത്. അസാധാരണ സാഹചര്യത്തില്‍ മറ്റൊരു കേസ് പരിഗണിക്കുന്ന വേളയിലാണ് പ്രതികരണം വന്നിരിക്കുന്നത്.
കര്‍ണാടക നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ അപ്രതീക്ഷിത പ്രതികരണം. ശബരിമല വിഷയത്തിലെ ഭിന്ന വിധിന്യായം വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു ജസ്റ്റീസ് നരിമാന്‍ സുപ്രീംകോടതി വിധിയോട് കളിക്കരുരുതെന്നും ഉദ്യോഗസ്ഥരെ ഇക്കാര്യം പഠിപ്പിക്കുകയും നിര്‍ദേശം നല്‍കുകയും വേണമെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതികരിക്കാതെ സോളിസിറ്റര്‍ ജനറല്‍ പോകുകയും ചെയ്തു.
ഇന്നലെ സുപ്രീംകോടതി അഞ്ചംഗ ബഞ്ച് ശബരിമലയിലെ യുവതീ പ്രവേശന വിഷയം വിശാല ബഞ്ചിന് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ട് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ എത്തിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചത്. ശബരിമല വിഷയത്തില്‍ സോളിസിറ്റര്‍ ജനറലോ കേന്ദ്ര സര്‍ക്കാരോ കക്ഷിയല്ല എന്നിരിക്കെയാണ് തങ്ങളുടെ വിധി നടപ്പാക്കണമെന്ന് പറഞ്ഞത്. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള നിര്‍ദേശം പോലെയായിട്ടുണ്ട് പരാമര്‍ശം.
എന്നാൽ ശബരിമല പ്രശ്നത്തിൽ നിയമോപദേശം തേടിയ സർക്കാരിന് യുവതീ പ്രവേശനം ഒഴിവാക്കണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ കാര്യങ്ങളെത്തും എന്ന് തിരിച്ചറിഞ്ഞ് ജസ്റ്റിസ് പ്രതികരിച്ചതൊണോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്. യുവതീ പ്രവേശനം സാധ്യമാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ ചെറുക്കാൻ ശ്രമിക്കുന്നവരെ അടിച്ചമർത്തണമെന്നാണ് ന്യൂനപക്ഷവിധിയിലുള്ളത്.