കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് വി രാംകുമാര്‍. ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കേണ്ടതില്ലെന്നാണ് രാംകുമാര്‍ പറയുന്നത്.
മാധ്യമ സമ്പര്‍ക്കമുളള ചില ജഡ്ജിമാരുടെ ആവശ്യപ്രകാരം മുന്‍ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവാണ് മാധ്യമങ്ങള്‍ക്ക് ഇങ്ങനെയൊരു സൗകര്യം ചെയ്തുകൊടുത്തത്. എന്നാല്‍ ഇതിന്റെ ആവശ്യം ഇനിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഒട്ടേറെ വിധികളും ഉത്തരവുകളും റിപ്പോര്‍ട്ടു ചെയ്യാനുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് സ്ഥലപരിമിതി രൂക്ഷമായ ഹൈക്കോടതി കോംപ്ലക്‌സില്‍ ഇങ്ങനെയൊരു മുറി അനുവദിക്കേണ്ട ഒരു കാര്യവുമില്ല. ഈ യുക്തി പിന്തുടര്‍ന്നാല്‍ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, ഡിജിപി ഓഫീസ്, വിജിലന്‍സ് ഡയറക്ടറേറ്റ്, രാജ്ഭവന്‍, പി എസ് സി തുടങ്ങിയ ഓഫീസുകളിലും പ്രത്യേകം മീഡിയാ റൂം സ്ഥാപിക്കേണ്ടി വരുമെന്ന രൂക്ഷമായ പരിഹാസവും ഹൈക്കോടതി അസോസിയേഷന്റെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം തൊടുത്തു വിടുന്നു. ജഡ്ജിമാരുടെ പൊതുവികാരമാണ് മുന്‍ ഹൈക്കോടതി ജസ്റ്റിസിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് എന്നു വ്യക്തം. ഇതോടെ ഹൈക്കോടതിയില്‍ പഴയ പ്രതാപത്തോടെ ഇനി വിലാസാന്‍ മാധ്യമങ്ങള്‍ക്കു കഴിയില്ലെന്നുറപ്പായി.
ഹൈക്കോടതിയിലെന്നല്ല ഒരു കോടതിയിലും മാധ്യമങ്ങള്‍ക്കു പ്രത്യേക മുറി അനുവദിക്കേണ്ടതില്ല. കോടതിക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അഭിഭാഷകര്‍ക്കുള്ളതിനേക്കാള്‍ ഒരവകാശവും മാധ്യമങ്ങള്‍ക്കില്ല. ഇത്രയും വ്യക്തമാക്കിയ ശേഷമാണ് മാധ്യമപരിലാളന മോഹിക്കുന്ന സഹജഡ്ജിമാര്‍ക്കെതിരെയുള്ള വിമര്‍ശനം. മാധ്യമങ്ങള്‍ക്ക് ഇത്ര തന്റേടത്തോടെ അവകാശവാദമുയര്‍ത്താനുള്ള പഴുതൊരുക്കുന്നത് കോടതിയ്ക്കുള്ളില്‍നിന്നു തന്നെയാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു. മാധ്യമങ്ങളെ ചേമ്പറിലിരുത്തി സത്കരിക്കുന്ന ജഡ്ജിമാരുണ്ട്. കോടതിവ്യവഹാരങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരെ ക്ഷണിച്ചിരുത്തി നേരമ്പോക്കു പറയാനുള്ള സ്ഥലമല്ല ജഡ്ജിയുടെ ചേംബര്‍. സൗഹൃദം പുതുക്കുന്നതും ഹൃദയബന്ധം ശക്തിപ്പെടുത്തുന്നതുമൊക്കെ ജഡ്ജിമാരുടെ വീട്ടില്‍ മതി. പക്ഷേ, തനിക്കോ തന്റെ നീതിന്യായ ചുമതലകള്‍ക്കോ വിധികള്‍ക്കോ കീര്‍ത്തി മോഹിക്കുന്നവര്‍ ആ ദൗര്‍ബല്യത്തിന്റെ ഇരകളായി മാറുകയാണ് ചെയ്യുന്നത് ഇങ്ങനെ പോകുന്നു ജസ്റ്റിസ് രാം കുമാറിന്റെ രൂക്ഷ വിമര്‍ശനം.
പ്രതികൂലമായ കോടതിവിധികളുടെ പേരില്‍ നടത്തുന്ന തെരുക്കൂത്തുകളുടെ പേരില്‍ ഇടതുവലതുഭേദമെന്യേ രാഷ്ട്രീയ പാര്‍ടികളെയും അദ്ദേഹം രൂക്ഷമായി അപലപിക്കുന്നു. ചില ജഡ്ജിമാര്‍ക്കും കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കുമെതിരെ നടത്തിയ കോലം കത്തിക്കലും അസഭ്യവര്‍ഷവും ശവസംസ്‌ക്കാരവും നാടുകടത്തലുമൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ ചപലവൃത്തികള്‍ക്കു പിന്നില്‍ ദുര്‍വാശിക്കാരായ ചില രാഷ്ട്രീയക്കാര്‍ക്കു പുറമെ സമാനചിത്തരും അനുസരണയുള്ളവരുമായ മാധ്യമപ്രവര്‍ത്തകരുമുണ്ട്. ഇഷ്ടമില്ലാത്തതോ യോജിപ്പില്ലാത്തതോ ആയ വിധികള്‍ക്കുള്ള പ്രതിവിധി അപ്പീലും റിവിഷനുമാണ്. അല്ലാതെ ജഡ്ജിമാരെ പുലഭ്യം പറയലല്ല.
നിശബ്ദമായി ഈ അവഹേളനം മുഴുവന്‍ സഹിക്കുകയാണ് ജഡ്ജിമാര്‍. അവര്‍ക്കു വേണ്ടി വടിയെടുക്കാനോ പ്രക്ഷോഭം നടത്താനോ ആരും മുതിരുന്നില്ലെന്നതാണ് വേദനാജനകമായ യാഥാര്‍ത്ഥ്യം. ഉന്നത മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന കോടതിയും ജഡ്ജിമാരും തമ്മില്‍ അനിവാര്യമായി ഉണ്ടാകേണ്ട പാരസ്പര്യം ഇല്ലാത്തതാണ് ഇതിനു കാരണമെന്നും ജസ്റ്റിസ് രാംകുമാര്‍ അഭിപ്രായപ്പെടുന്നു.
കേരള ഹൈക്കോടതിയ്ക്കു മുന്നില്‍ കഴിഞ്ഞ ജൂലൈയിലുണ്ടായ പ്രശ്‌നത്തില്‍ ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റപ്പെടുകയാണ്. ഏതാനും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും എന്ന നിലയില്‍ നിന്ന് മാധ്യമങ്ങളും കോടതിയും തമ്മിലുളള പ്രശ്‌നമായി സംഘര്‍ഷം വളരുന്നുവെന്നാണ് ജസ്റ്റിസ് രാംകുമാറിന്റെ ലേഖനം നല്‍കുന്ന സൂചന.