തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ആദ്യം സഖാക്കള്‍ അഹങ്കാരം കുറയ്ക്ക്. വിമര്‍ശിക്കുന്നവരോടുള്ള അസഹിഷ്ണുതയും, പൊലീസ് സ്റ്റേഷനുകളടക്കം സകല സര്‍ക്കാരോഫീസുകളും സഖാക്കള്‍ ഭരിക്കുന്നത് അവസാനിപ്പിക്കുക..തുടങ്ങിയവയാണ് ഉപദേശങ്ങള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്):
സിപിഎമ്മിന്റെ നേതാക്കള്‍ പല സംസ്ഥാനങ്ങളില്‍ നിന്ന് മല്‍സരിക്കാന്‍ കേരളത്തിലേക്ക് വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍…..
പ്രകാശ് കാരാട്ടും ഭാര്യയുമൊക്കെ പാലക്കാട്ടെ വേരുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണത്രെ. (അങ്ങനെയെങ്കിലും കാരാട്ട് മലയാളം പറയുമെന്ന് പ്രതീക്ഷിക്കാം).
കുറ്റം പറയാനാവില്ല ,അവരുടെ പാര്‍ട്ടി ഇനി അവശേഷിക്കുന്നത് രാജ്യത്തിന്റെ ഇങ്ങ് തെക്കേ അറ്റത്ത് മാത്രമാണല്ലോ.
ത്രിപുരയിലും പശ്ചിമ ബംഗാളിലുമൊക്കെ സഖാക്കള്‍ ‘നഷ്ടസ്വപ്നങ്ങളേ…’ പാടി നടക്കുകയാണ്. കറന്റ് ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാഞ്ഞ് പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തു. ത്രിപുരയിലെ ‘ദേശാഭിമാനി’ സംഘികള്‍ പൂട്ടിച്ചു. ഇനിയിപ്പോ കേരളം മാത്രം….
ഇവരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കുന്നത്.
സഖാവ് പിണറായി ഈ നിലയ്ക്ക് ഭരിച്ചാല്‍ കേരളത്തിലും പാര്‍ട്ടി ഓര്‍മയാവാന്‍ അധികകാലം വേണ്ടി വരില്ല.
അകാല മൃത്യു ഒഴിവാക്കാന്‍ കുറച്ച് ഉപദേശം ഫ്രീയായി പിടിച്ചോളൂ.
ആദ്യം സഖാക്കള്‍ അഹങ്കാരം കുറയ്ക്ക്. വിമര്‍ശിക്കുന്നവരോടുള്ള അസഹിഷ്ണുതയും.
പൊലീസ് സ്റ്റേഷനുകളടക്കം സകല സര്‍ക്കാരോഫീസുകളും സഖാക്കള്‍ ഭരിക്കുന്നത് അവസാനിപ്പിക്കുക.
ഇടയ്ക്കിടെ മതനേതൃത്വങ്ങളെ അപമാനിച്ച് വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തട്ടിപ്പും നിര്‍ത്തുക.
പിന്നെ ദയവു ചെയ്ത് മുഖ്യമന്ത്രിയോട് ‘നവോത്ഥാനം’ എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക.
ഇല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് ചൈനയിലോ ക്യൂബയിലോ മറ്റോ പോകേണ്ടി വരും.