തിരുവനന്തപുരം: ബാര്‍ലൈസന്‍സ് വിവാദം കെ ബാബുവിനെതിരെ വീണ്ടും വിരല്‍ചൂണ്ടുകയാണ്. ബാര്‍ലൈസന്‍സുകള്‍ നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുന്‍മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നീങ്ങുകയാണ്. കെ ബാബുവിന് എതിരെ ത്വരിതാന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എക്സൈസിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും ബാര്‍ ഹോട്ടലുകള്‍ക്കായി ക്രമക്കേടുകള്‍ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. മന്ത്രിയായിരുന്ന അഞ്ചു വര്‍ഷ കാലത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ബാര്‍ ഹോട്ടല്‍ ഇന്‍ഡ്രസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. എറണാകുളം റേഞ്ചിനാണ് അന്വേഷണ ചുമതല.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം വേണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ചുളള കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമോപദേശത്തിനു ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.