കൊച്ചി: കെ ബാബുവിന് ഇനി രക്ഷപ്പെടാന്‍ സാധിക്കില്ല. ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഹോട്ടലുടമകള്‍ നല്‍കിയ പരാതിയില്‍ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ.
ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹിയായ വിഎന്‍ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ കെ.ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ബാബുവിനെതിരെ പുതിയ കേസുമായി വിജിലന്‍സ് എത്തുന്നത്. മദ്യ നയം തീരുമാനിച്ചതിലും ബാര്‍ ലൈസന്‍സ് നല്‍കിയതിലും മന്ത്രി ബാബു ക്രമക്കേട് കാണിച്ചുവെന്നു പരാതിയില്‍ ആരോപിക്കുന്നു. കെ. ബാബുവിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേല്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയാണ് ഇപ്പോള്‍ കേസെടുക്കാന്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.