മുന്നണിവിട്ടതിനെച്ചൊല്ലി തർക്കം: കേരള കോൺഗ്രസ് പിളർപ്പിലേയ്‌ക്കെന്നു സൂചന

സ്വന്തം ലേഖകൻ

കോട്ടയം: യുഡിഎഫ് മുന്നണി വിട്ടതിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറിയെന്നു സൂചന. യുഡിഎഫ് വിടാനുള്ള മാണി വിഭാഗത്തിന്റെ തീരുമാനമത്തിനെതിരെ ജോസഫ് വിഭാഗത്തിൽ നിന്നും എതിർപ്പിന്റെ സ്വരം ഉയർന്നതോടെയാണ് കേരള കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുന്നത്.
കേരളത്തിലെ സാഹചര്യത്തിൽ മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്നും, അതൊരു യാഥാർഥ്യമാണെന്നുമുള്ള പ്രസ്താവനയുമായി ജോസഫ് വിഭാഗത്തിലെ പ്രമുഖനായ മോൻസ് ജോസഫാണ് ഇന്നലെ ആദ്യം രംഗത്ത് എത്തിയത്. പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന മോൻസ് നടത്തിയത്. യുഡിഎഫ് മുന്നണി വിട്ട കേരള കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കുമെന്നു നേരത്തെ കെ.എം മാണി പ്രസ്താവിച്ചിരുന്നു. ഇതിനു ഘടക വിരുദ്ധമായ നിലപാടാണ് കേരള കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ വിഭാഗമായ പി.ജെ ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് സ്വീകരിച്ചിരിക്കുന്നത്. മൂന്നു മൂന്നണികളോടും സമദൂരമെന്നു കേരള കോൺഗ്രസ് നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ, എൻഡിഎയുമായുള്ള സഖ്യ സാധ്യതകളെല്ലാം പൂർണമായും തള്ളിക്കളയുന്ന നിലപാടാണ് ഇന്നലെ അഭിമുഖത്തിൽ മോൻസ് ജോസഫ് സ്വീകരിച്ചത്. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനാണു പ്രസക്തിയെന്ന പ്രസ്താവനയുമായി പി.ജെ ജോസഫും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് കേരള കോൺഗ്രസ് മുന്നണിയിലെ വിള്ളൽ മറനീക്കി പുറത്തു വന്നത്.
എന്നാൽ, കേരള കോൺഗ്രസിന്റെ നേതാക്കളായ പി.ജെ ജോസഫും, മോൻസ് ജോസഫും പറഞ്ഞ നിലപാട് പാർട്ടിയുടെ നിലപാടാണെന്നു വ്യക്തമാക്കി കെ.എം മാണിയും രംഗത്ത് എത്തി. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനു പ്രസക്തിയുണ്ട്. എന്നാൽ, ഇപ്പോൾ ഒറ്റയ്ക്കു നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപും ഒറ്റയ്ക്കു നിന്നു കരുത്തു തെളിയിച്ചിട്ടുണ്ട്. മറ്റു മുന്നണികൾ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി പറഞ്ഞു. ഒറ്റയ്ക്കു നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒറ്റയ്ക്കു നിൽക്കാൻ ഒരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top