കൊച്ചി:കോൺഗ്രസിൽ പൊട്ടിത്തെറി .ഊമ്മൻ ചാണ്ടി ഗ്രുപ്പിൽ ഉണ്ടായിരുന്ന ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ കെ മുരളീധരന്‍ എംപി കെപിസിസി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. രണ്ട് പദവികള്‍ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി.
ഫേസ്ബുക്കിലൂടെയാണ് രാജിക്കത്ത് നല്‍കിയ കാര്യം കെ മുരളീധരന്‍ അറിയിച്ചത്. ദൗത്യങ്ങള്‍ ഉത്തരവാദത്തത്തോടെ ചെയ്തുവെന്ന് ഉറപ്പുണ്ട്. ഒരാള്‍ക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് പ്രചാരണ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു. പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം ചെന്നിത്തല വെട്ടിയപ്പോൾ ആയിരുന്നു ബെന്നിക്ക് യുഡിഎഫ് കൺവീനർ സ്ഥാനം ലഭിച്ചത്.
വടകര എംപി സ്ഥാനം രാജിവെച്ച് വട്ടിയൂർക്കാവിൽ മത്സരിക്കാൻ മുരളി എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മുരളിയുടെ ഈ നീക്കത്തോട് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും എതിർപ്പായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി എംപി മത്സരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ മുരളീധരൻ അടക്കമുള്ളവർ ഈ നീക്കം തുടങ്ങിയത് . ഭരണം ലഭിച്ചാൽ മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിന് പിന്നിൽ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്.
വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇടതുപക്ഷത്ത് നിന്നും സീറ്റ് തിരിച്ചു പിടിക്കാൻ കെ മുരളീധരൻ തന്നെ മത്സരിക്കണമെന്ന് മുരളീധരൻ അനുകൂലികൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, എംപിമാർ കൂട്ടത്തോടെ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നത്. ലോക്സഭയിൽ അംഗസംഖ്യ കുറഞ്ഞിരിക്കുന്ന ഘട്ടത്തിൽ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ടാൽ ദേശീയതലത്തിൽ തന്നെ ചർച്ചയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എംപിമാരുടെ വരവിന് സംസ്ഥാന നേതാക്കൾ തടയിടുന്നത്.<
യു.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ബെന്നി ബഹനാൻ രാജിവെച്ചതിന് പിന്നിൽ എ ഗ്രൂപ്പിനുള്ളിലെ ഭിന്നതയാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു . ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും ഉമ്മൻ ചാണ്ടിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പാർലമെന്റ് അംഗം കൂടിയായ ബെന്നി ബെഹനാൻ രണ്ട് പദവികൾ വഹിക്കുന്നയാളായതിനാൽ ഒരെണ്ണം ഒഴിവാക്കണമെന്ന ആവശ്യം മുമ്പേ ഉയർന്നിരുന്നു. 2018ൽ ബെന്നി ബെഹനാൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ മറ്റ് പദവികളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം ചാലക്കുടിയിൽ നിന്ന് പാർലമെന്റ് അംഗമായി.