സി.ഒ.ടി നസീറിന് നിയമസഹായ വാഗ്ദാനവുമായി ബി.ജെ.പിക്ക് പിന്നാലെ കോണ്‍ഗ്രസും; ഷംസീറിനെ പിടിക്കാന്‍ നസീര്‍ അടുത്തയാഴ്ച ഹൈക്കോടതിയിലേക്ക്

സജീവന്‍ വടക്കുമ്പാട്

തലശ്ശേരി-സി.പി.എം അക്രമത്തില്‍ പരിക്കേറ്റ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം പ്രാദേശിക നേതാവുമായ സി.ഒ.ടി നസീര്‍ പ്രതികളെ പിടികൂടാത പോലീസ് അനാസ്ഥക്കെതിരെ കോടതിയെ സമീപിച്ചാല്‍ എല്ലാ വിധ സഹായങ്ങളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുമെന്ന് വടകരയിലെ നിയുക്ത എം.പി കെ.മുരളീധരന്‍ വ്യക്തമാക്കി. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. നേരത്തെ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് നസീറിന് വേണ്ടി എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കോണ്‍ഗ്രസും നസീറിന് വേണ്ടി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നസീറിനെ അക്രമിച്ച കേസിലെ പ്രതിയാരാണെന്ന് എല്ലാവര്‍ക്കും അറിയാം. എം.പിയും എം.എല്‍.എയും യോജിച്ച് പോകണ്ടവരാണ്. രണ്ട് വര്‍ഷം മുമ്പ് യു.ഡി.എഫ് എം.എല്‍.എയായ വിന്‍സെന്റിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ നിയമസഭയില്‍ പോലും അദ്ദേഹത്തെ പ്രവേശിപ്പിക്കാതെ രണ്ട് മാസം നെയ്യാറ്റിന്‍ക ജയിലിലടക്കുകയായിരുന്നു. യു.ഡി.എഫ് എം.എല്‍.എ വിന്‍സെന്റിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ച നയം എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്. എല്ലാതെ ഭരണ കക്ഷിക്കും പ്രതിപക്ഷത്തിനും വെവ്വേറെ നയമല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു എം.എല്‍.എയെ നിയമസഭയില്‍ പോലും പങ്കെടുപ്പിക്കാതെ ജയിലിലടച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരെ മത്സരിച്ചതിന്റെ പേരില്‍ സി.പി.എം അക്രമത്തിന് ഇരയായ സി.ഒ.ടി നസീര്‍ നല്‍കിയ മൊഴി ഭരണ കക്ഷി എം.എല്‍.എക്കെതിരാണ്. എന്നിട്ടും ഈ സംഭവത്തില്‍ ഇതു വരെ എം.എല്‍.എയുടെ അറസ്റ്റുണ്ടായില്ല. ഒരേ പന്തിയില്‍ രണ്ട് വിളമ്പ് ശരിയല്ലെന്നും വിന്‍സെന്റ് എം.എല്‍.എയുടെ കാര്യത്തില്‍ കാണിച്ച ശുഷ്‌കാന്തി നസീര്‍ വധശ്രമ കേസില്‍ കാണിച്ചില്ലെന്നും മുരളി കുറ്റപ്പെടുത്തി.

നസീര്‍ വധശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് ഗുഢാലോചന പുറത്ത് കൊണ്ട് വരേണ്ടതാണ്. അതിന് ആയില്ലെങ്കില്‍ നിയമത്തിന്റെ വഴി നോക്കേണ്ടി വരുമെന്നും മുരളി മുന്നറിയിപ്പ് നല്‍കി. അക്രമ രാഷട്രീയത്തിനെതിരെയാണ് ഈ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫ് വോട്ട് ചോദിച്ചത്. അക്രമം എവിടെയുണ്ടായാലും അതിനെ നിരുല്‍സാഹപ്പെടുത്തണം. അതുകൊണ്ട് തന്നെയാണ് നസീറിന് എല്ലാ വിധ സഹായവും നല്‍കുന്നതെന്നും മുരളിധരന്‍ തലശ്ശേരിയില്‍ പറഞ്ഞു.

സി.പി.എം അക്രമത്തില്‍ ഗുരുതരമായി വെട്ടേറ്റ നസീര്‍ ഇപ്പോള്‍ തലശ്ശേരി കായ്യത്തെ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ രണ്ട് പ്രതികളെ മാത്രം പിടിക്കാനേ ഇതുവരെ പോലീസിനായുള്ളു. വധഗുഢാലോചനക്ക് പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണെന്ന് നസീര്‍ കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐ വി.കെ വിശ്വംഭരന് മൊഴി നല്‍കിയെങ്കിലും പോലീസ് ഇക്കാര്യം മാധ്യമങ്ങളില്‍ നിന്ന് ഒളിച്ച് വെക്കുകയായിരുന്നു.

നസീര്‍ വധ ഗുഢാലോചനയില്‍ ഷംസീര്‍ എം.എല്‍.എക്ക് പങ്കുണ്ടെന്ന നസീറിന്റെ മൊഴി ആദ്യം പുറത്ത് വിട്ടത് ഹെറാള്‍ഡ് ന്യൂസായിരുന്നു. തുടര്‍ന്ന് പ്രമുഖ ദൃശ്യ മാധ്യമങ്ങളടക്കം നസീറിനെ തേടിയെത്തി പോലീസിന് നല്‍കിയ മൊഴിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അപ്പോഴും നസീര്‍ ജനപ്രതിനിധിയെന്നാല്ലാതെ ഷംസീറിന്റെ പേര് പറഞ്ഞിരുന്നില്ല. പോലീസില്‍ അന്വേഷിച്ചാല്‍ ജനപ്രതിനിധിയുടെ പേര് ലഭിക്കുമെന്നാണ് മറുപടി നല്‍കിയിരുന്നത്. ജനപ്രതിനിധിയുടെ പേര് പറയാന്‍ പോലീസ് വീണ്ടും കൂട്ടാക്കാതോടെ നസീര്‍ പോലീസിന് മുന്നില്‍ ഷംസീറിന്റെ പേര് ആവര്‍ത്തിക്കുകയായിരുന്നു. മെയ് 19ന് രാത്രിയായിരുന്നു നസീറിനെ പള്‍സര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമിച്ചത്.

Top