സഹകരിച്ച എല്ലാവരെയും കൂടെ നിർത്തണം. ജോസ് കെ മാണിയെ പരോക്ഷമായി പിന്തുണച്ച് മുരളീധരൻ

കൊച്ചി:ജോസ് കെ മാണിയെ സഹകരിപ്പിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കെ മുരളീധരൻ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആരൊക്കെ സഹകരിച്ചോ അവരെയെല്ലാം സഹകരിപ്പിക്കണമെന്ന് മുരളീധരൻ പറഞ്ഞു. സഹകരിക്കാൻ താത്പര്യമുള്ളവരെ സഹകരിപ്പിക്കണമെന്നും പിണങ്ങി നിൽക്കുന്നവരെ കൂടെ നിർത്തണമെന്നും കെ മുരളീധരൻ. അതാണ് പ്രായോഗിക രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കാലത്തേക്കും ആളുകളെ മാറ്റിനിർത്തേണ്ടതില്ലെന്നും ഐക്യമെപ്പോഴും വേണമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് വച്ച് പറഞ്ഞു. അണികളുടെ തെരഞ്ഞെടുപ്പാണ് പഞ്ചായത്തിലേത്. ജയിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. അണികളാണ് പാർട്ടിയുടെ അടിത്തറയെന്നും നിരാശരായാൽ അവർ പാർട്ടിക്ക് ഒപ്പം കാണില്ലെന്നും മുരളീധരൻ ഓർമിപ്പിച്ചു. പിന്നീട് വരിക നിയമസഭാ തെരഞ്ഞെടുപ്പാണ്. നെഗറ്റീവുകളെ പോസിറ്റീവാക്കി എടുക്കണം, അതേസമയം പാർട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയും വേണമെന്നും മുരളീധരൻ. പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് അതാണ്. പ്രായോഗിക രാഷ്ട്രീയത്തിനാണ് ഇക്കാലത്ത് പ്രസക്തി. കെ കരുണാകരന്റെ 102ാം ജന്മവാർഷിക സമ്മേളനത്തിലാണ് തന്റെ അഭിപ്രായം മുരളീധരൻ തുറന്നുപറഞ്ഞത്. രമേശ് ചെന്നിത്തല, വിഎം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം തന്നെ യോഗത്തിൽ പങ്കെടുത്തിരുന്നു.

Top