
ഒന്നാം പിണറായി സർക്കാർ സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നുവെന്ന് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലോടെ വ്യക്തമായെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്വപ്നയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്നാണ് വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു. ഇതൊന്നും അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടപാടുകളിൽ മുൻമന്ത്രി കെ.ടി. ജലീലിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. ലൈഫ് പദ്ധതിയിൽ ശിവശങ്കറിന് കമ്മിഷൻ ലഭിച്ചെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. കേരളം ഭരിക്കുന്നത് കമ്മിഷൻ സർക്കാരാണ് മുരളീധരൻ പറഞ്ഞു.