ശബരിമല വിഷയമാക്കിയതിന് എൻ.എസ്.എസിനെതിരെ പരാതി: പൊട്ടിത്തെറിച്ച് സുകുമാരൻ നായർ: വോട്ടെടുപ്പ് ദിവസം ഇടത് മുന്നണി പ്രതിരോധത്തിൽ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും സി.പിഎമ്മും തുറന്നപോരിലേക്ക്. ശബരിമലയെ വോട്ടാക്കി മാറ്റാൻ സുകുമാരൻ നായർ ശ്രമിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയ ലഭിച്ചതിന് പിന്നാലെ നിയമമന്ത്രി ഏ.കെ ബാലൻ തന്നെ എൻ.എസ്.എസിനെ വിമർശിച്ച് രംഗത്ത് എത്തിയതാണ് വോട്ടെടുപ്പ് ദിവസം ഇടതുമുന്നണി പ്രവർത്തകരെ ആശങ്കയിലാക്കിയത്.

ചങ്ങനാശേരിയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ സുകുമാരൻ നായർ ‘നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം നൽകുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ്  ആഗ്രഹം’ ഇങ്ങനെ പറഞ്ഞ് പരോക്ഷമായി സർക്കാരിനെ വിമർശിച്ചിരുന്നു.

ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ശക്തമായ മറുപടിയും നൽകിയിരുന്നു. സുകുമാരൻ നായരെ പോലെ മറ്റൊരു സമുദായ നേതാവും ഇങ്ങനെ പെരുമാറില്ലെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചത്. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് തുടർച്ചയായി ശബരിമല വിഷയം ഉയർത്തുന്നത്. വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം രംഗത്ത് എത്തിയ നിയമ മന്ത്രി ഏ.കെ ബാലനും കടുത്ത ഭാഷയിലാണ് സുകുമാരൻ നായരെ വിമർശിച്ചത്.

ഇതിനിടെ ശബരിമല പരാമർശത്തിന്റെ പേരിൽ സുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകി. ഇതാണ് ഏറ്റവുമൊടുവിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ പ്രകോപിച്ചത്. വിരട്ടൽ വേണ്ടെന്നും വിശ്വാസം ജീവവായും ആണെന്നും അതിനെ തൊടാൻ ആര് ശ്രമിച്ചാലും തടയുമെന്നും സുകുമാരൻ നായർ തുറന്നടിച്ചു.

വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നത് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തീരുമാനിക്കും. ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസം എന്ന വാക്ക് മിണ്ടാനാകില്ലെന്നതാണോ തീരുമാനം. ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരൻ നായരുടെ അതിരൂക്ഷമായ പ്രസ്താവന ഇടതുക്യാമ്പിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ശബരിമല വീണ്ടും ചർച്ചാ വിഷയമായത് തങ്ങളുടെ വോട്ടിനെ ചോർത്തുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. ഈ സാഹചര്യത്തിൽ എൻ.എസ്.എസിന്റെ നിലപാട് എങ്ങനെ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Top