കണ്ണൂർ : താന്‍ തന്നെ ദുർബലനാക്കാമെന്ന് പിണറായി വിജയന്‍ കിനാവ് കാണേണ്ട .തട്ടിപ്പുകേസില്‍ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.ഇമ്പാച്ചി കാട്ടി പേടിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കും. പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. മോന്‍സനെ വലിയവനാക്കിയത് സര്‍ക്കാരും ദേശാഭിമാനിയുമാണെന്നും സുധാകരൻ വിമര്‍ശിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
ഞാൻ ദുർബലനല്ല. ദുർബലനാവുകയുമില്ല. ദുർബലനാക്കാനാകുമെന്ന് പിണറായി വിജയൻ വിചാരിക്കുന്നുണ്ടെങ്കിൽ സ്വപ്നം, കിനാവ് എന്നു മാത്രം ഞാൻ അദ്ദേഹത്തെ ഓർമിപ്പിക്കുകയാണ്. ഞാൻ ദുർബലനാകണമെങ്കിൽ എന്നോ ആകേണ്ടതായിരുന്നു. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ട് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനുള്ള ത്രാണിയും ശേഷിയും ആത്മധൈര്യവും കെ.സുധാകരന് ഉണ്ടെങ്കിൽ, ശിഷ്ട ജീവിതവും അതിന്റെ പലമടങ്ങ് കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ എനിക്കു മനക്കരുത്തുണ്ട് എന്ന് എന്റെ പ്രിയപ്പെട്ടവരെ ഞാൻ ഓർമിപ്പിക്കുന്നു.
ഇമ്പാച്ചി കാട്ടിയൊന്നും എന്നെ പേടിപ്പിക്കാൻ പിണറായി വിജയൻ നോക്കേണ്ട. നിങ്ങൾക്ക് എന്നെ കേസിലെ പ്രതിയാക്കാം. പക്ഷേ ശിക്ഷിക്കാൻ സാധിക്കില്ല. കാരണം ശിക്ഷിക്കുന്നത് കോടതിയാണ്. അവിടെ ഇത്തിരി നീതിയും ന്യായവും ബാക്കിയുണ്ട്. ആ നീതിയും ന്യായവും നിലനിൽക്കുന്ന കാലം വരെ, ശിക്ഷിക്കപ്പെടേണ്ടുന്ന കുറ്റത്തിലേക്കൊന്നും കെ.സുധാകരൻ കടന്നുപോകില്ല എന്ന് പിണറായി വിജയനും പരിവാരങ്ങളും മനസ്സിലാക്കണം.
എന്താണ് ഞാൻ ചെയ്ത കുറ്റം? എന്നെ നിങ്ങൾ ശിക്ഷിക്കാൻ തീരുമാനിച്ചിട്ട് കാലമെത്രയായി? എത്ര കള്ളക്കേസുകളിൽ നിങ്ങളെന്നെ പ്രതിയാക്കി? ഇതേ നിങ്ങൾക്ക് അറിയാവൂ. ഇ.പി.ജയരാജന്റെ വധശ്രമക്കേസ് നിങ്ങൾക്ക് ഓർമയുണ്ടോ? എത്ര വർഷമായി? 18 വർഷമായി. ആ 18 വർഷം കഴിയുമ്പോഴും, ആ കേസിൽ എന്നെ പ്രതിയാക്കാനുള്ള ഹർജി ഇപ്പോഴും കോടതിയിലുണ്ട് എന്ന് ഓർമ വേണം നിങ്ങൾക്ക്. അതിലെ പ്രതികളെ ശിക്ഷിച്ചു. അവർ ജീവപര്യന്തം തടവു കഴിഞ്ഞ് പുറത്തിറങ്ങി. ഇപ്പോഴും കെ.സുധാകരനെ ആ കേസിൽ പ്രതിയാക്കാൻ ഇ.പി.ജയരാജനും സിപിഎമ്മും കോടതിവരാന്തയിൽ കിടക്കുമ്പോൾ, ആ മനസ്സിന്റെ കാഠിന്യമൊന്ന് നിങ്ങൾ മനസ്സിലാക്കണം. ഒരു കോടതിയും എന്നെ അതിൽ പ്രതിയാക്കിയില്ല. ഇനി ഒരു കോടതിയിൽ കൂടി ആ കേസ് വരാനുണ്ട്. അടുത്ത മാസം അതു പരിഗണിച്ചാലും എന്നെ പ്രതിയാക്കാനാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ കേസിൽ എനിക്ക് മനസ്സാ വാചാ കർമണാ പങ്കില്ല.
ആ സംഭവത്തിനു ശേഷം എന്റെ ജീവിതം എന്തു മാത്രം ഭയാനകമായിരുന്നു എന്ന് എന്നെ അടുത്തറിയാവുന്നർക്ക് അറിയാം. ആ കടൽ നീന്തിക്കടന്നവനാടോ ഞാൻ പിണറായി വിജയാ… എന്നെ കൈത്തോടു കാണിച്ചു ഭയപ്പെടുത്തേണ്ട.
മോൻസൻ മാവുങ്കലിന്റെ പോക്സോ കേസിൽ എന്നെ ബന്ധിപ്പിക്കാൻ നോക്കി. സഖാവ് ഗോവിന്ദൻ മാഷ്, മാഷല്ല സഖാവ് ഗോവിന്ദൻ. അയാളെ ഞാൻ ഗോവിന്ദൻ മാഷ് എന്നാണ് വിളിച്ചിട്ടുള്ളത്. മാഷല്ല, പ്യൂണാകാൻ പോലുമുള്ള യോഗ്യത അയാൾക്കില്ലെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് സാക്ഷാൽ ഗോവിന്ദൻ, എനിക്ക് പോക്സോ കേസിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതായി പറഞ്ഞു. പീഡനം നടക്കുമ്പോൾ സുധാകരൻ അതിന് അടുത്തുണ്ടായിരുന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്നോടു സഹായം ചോദിച്ചു, ഞാൻ സഹായിച്ചില്ല എന്നൊക്കെയാണ് ഗോവിന്ദൻ പറയുന്നത്. ഗോവിന്ദൻ അവിടെപ്പോയി നിന്ന പോലെയാ. അവിടെ ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. ഒരു പാർട്ടിയുടെ സെക്രട്ടറിയല്ലേ? കുറച്ച് മാന്യതയും അന്തസ്സും വേണ്ടേ?
മോൻസൻ മാവുങ്കലിനെ വലിയവനാക്കിയത് ഈ ഇടതുപക്ഷ സർക്കാർ ഉൾപ്പെടെയാണ്. ദേശാഭിമാനിയാണ്. ഇവരാണ് അദ്ദേഹത്തിന് പ്രചാരം കൊടുത്തത്. സുനിൽ കുമാറിനെപ്പോലുള്ള മന്ത്രിമാരാണ് അവിടെ വന്നത്. ഞാൻ ചെല്ലുമ്പോൾ അവിടെ മോഹൻലാലുണ്ട്, ദേവൻ എന്ന സിനിമാ നടനുണ്ട്, ഒരുപാട് സിനിമാ നടിമാരുണ്ട്. ഒരുപാട് വിഐപികളുണ്ട്. പൊലീസിലെ ഡിഐജിമാരുണ്ട്, ഐജിമാരുണ്ട്, ഐഎഎസ് സെക്രട്ടറിമാരുണ്ട്.. ഇവരെല്ലാമുണ്ട് അവിടെ. പൊലീസ് വണ്ടിയുടെ കാവലുമുണ്ട്. ആ വീട്ടിൽ ഞാൻ പോയതാണ് കുറ്റം. ഈ സർക്കാർ തന്നെ കർമശ്രേഷ്ഠ അവാർഡ് നൽകി ആദരിച്ച വ്യക്തിയാണ് മോൻസൻ.
നരേന്ദ്ര മോദിയേക്കാളും വലിയ മോദിയായിട്ടാണ് പിണറായി വിജയൻ ഇവിടെ നിൽക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പുർ നിങ്ങൾ കണ്ടു. മണിപ്പുരിൽ എല്ലാ ദിവസവും കൊലപാതകങ്ങൾ നടക്കുന്നു. വെടിവച്ചു കൊല്ലുകയാണ്. എന്നിട്ട് വായ തുറന്നോ ഈ പ്രധാനമന്ത്രി? പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും ചെയ്തോ? നാടു നീറുമ്പോൾ മോദി വിദേശയാത്ര നടത്തി സുഖിക്കുകയാണ്. ആ മോദിയോടുള്ള പോരാട്ടത്തിലാണ് നമ്മളെല്ലാം.
ഈ പോരാട്ടം ഞങ്ങൾ തുടരും. സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള പോരാട്ടം. എല്ലാക്കാലത്തും ഭരിക്കൂലല്ലോ. അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ. കാട്ടിത്തരാം. യുഡിഎഫ് അധികാരത്തിൽ വരും. പിണറായി വിജയൻ ഇറങ്ങിപോകും. കൽത്തുറുങ്ക് നിങ്ങളെ കാത്തിരിക്കുന്നു. പിണറായി വിജയനോടു ഞാൻ പറയുന്നു, നിങ്ങൾ കട്ടുമുടിച്ച എല്ലാ കേസുകളും യുഡിഎഫ് അധികാരത്തിൽ വന്നാൽ പൊക്കിയെടുത്ത് ഞങ്ങൾ തുറക്കും. അക്കാര്യത്തിൽ നിങ്ങൾക്ക് സംശയം വേണ്ട. കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്. ആ സ്ഥാനം ഞങ്ങൾ കണ്ടുവച്ചിട്ടുണ്ട് എന്ന് പിണറായി വിജയൻ ഓർക്കുക. സാധാരണക്കാരന്റെ പണം കവർന്നെടുത്ത് മുഖ്യമന്ത്രിയായി വിലസുന്ന താങ്കൾക്കുമുണ്ട് ഒരു അവസാനം. കുറിച്ചു വച്ചോളൂ, ആ ദിനം വരാൻ പോകുന്നു. ഞങ്ങൾ ആ ദിവസത്തിലേക്കു നടന്നടുക്കുകയാണ് എന്നു മാത്രം ഓർമിപ്പിക്കുന്നു.സുധാകരൻ പറഞ്ഞു.
ചോദ്യം ചെയ്തപ്പോൾ അനൂപിനോട് സംസാരിച്ചു. 25 ലക്ഷം തന്നത് ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞത് അനൂപ് സമ്മതിച്ചു. പോക്സോ കേസിൽ കുടുക്കാൻ ചോദ്യം ചെയ്താൽ ദുഖിക്കേണ്ടി വരും എന്ന് ഡിവൈഎസ്പിയോട് പറഞ്ഞുവെന്നും കെ സുധാകരന്‍ പറഞ്ഞു. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന് പറഞ്ഞ സുധാകരന്‍, ഭരണം മാറുമെന്നും യുഡിഎഫ് വരുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.