തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലും വിവാഹേര ബന്ധങ്ങളിലും ചരിത്ര വിധി നടത്തിയ സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചതെന്നാണ് സുധാകരന്റെ ആധിക്ഷേപം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്ന് സുധാകരന്‍ പറഞ്ഞു. വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. വിശ്വാസ കാര്യങ്ങളില്‍ സുപ്രീം കോടതി ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും പരിശോധിക്കണം. ക്ഷേത്ര വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട. കോടതിയെ ബഹുമാനിച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ നടന്ന സ്വീകരണ യോഗത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തില്‍ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ പറഞ്ഞിരുന്നു. വിധിക്കു കീഴില്‍നിന്നു കൊണ്ടു തന്നെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനാകുന്ന വിധത്തില്‍ സമന്വയം ഉണ്ടാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മലചവിട്ടാമെന്നു ഭരണഘടനാബഞ്ച് വിധിച്ചിരുന്നു. ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും, പ്രാര്‍ഥിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി വിധിച്ചു. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തിരുന്നു.