കെ. സുധാകരന്റെ ജനപക്ഷ മുഖത്തിന്റെ പ്രതിഫലനമായി കെ.എസ്സ് ബ്രിഗേഡ്; രാഷ്ട്രീയ അക്രമങ്ങളുടെ ഇരകള്‍ക്ക് സാന്ത്വന സ്പര്‍ശമാകും

കണ്ണൂര്‍: സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയക്കാര്‍ക്കിടയിലും വ്യാപകമാകുകയാണ്. സമൂഹത്തിലെ പുതിയ തലമുറയെ കേന്ദ്രീകരിക്കാനും നയിക്കാനും ഇതിലൂടെ കഴിയുമെന്നതാണ് നവമാധ്യമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നിറവും കെ.സുധാകരനെന്ന നേതാവിനോടുള്ള സ്നേഹവും പ്രകടപ്പിച്ച് തുടങ്ങിയ കെ.എസ്. ബ്രിഗേഡ് എന്ന നവമാധ്യമ കൂട്ടായ്മ കണ്ണൂരില്‍ അതിന്റെ വരവറിയിക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായി നടത്തി. 16 രാജ്യങ്ങളിലായുള്ള പ്രവാസികളാണ് ഈ കൂട്ടായ്മയിലുള്ളതിലേറെയും. രാഷ്ട്രീയ അക്രമത്തില്‍ രക്തസാക്ഷികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സഹായധനം നല്‍കിക്കൊണ്ടാണ് കണ്ണൂരില്‍ സംഗമം നടത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറമായി നേതാക്കളെ ചടങ്ങിനെത്തിക്കാനായതും ഇവരുടെ നേട്ടമായി.

വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായവുമായാണ് കെ.എസ്. ബ്രിഗേഡ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്. രണ്ടായിരത്തോളം അംഗങ്ങളാണ് ഇതിലുള്ളത്. ഇവര്‍ സ്വരുക്കൂട്ടിയ പണമുപയോഗിച്ച് പിന്നീട് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കെ.അജിത്കുമാര്‍ ആണ് കൂട്ടായ്മയുടെ അഡ്മിന്‍. 2016 മെയ് മാസത്തില്‍ തുടങ്ങിയ കൂട്ടായ്മ കണ്ണൂരിന്റെ മണ്ണില്‍ നടത്തിയ ആദ്യപരിപാടിയാണ് വെള്ളിയാഴ്ച നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്തസാക്ഷി അനുസ്മരണവും കുടുംബസ്വാന്തനവുമായാണ് കണ്ണൂരില്‍ പരിപാടി നടത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ അക്രമത്തില്‍ ഇരയായവരുടെ കുടുംബത്തിന് ചടങ്ങില്‍ സഹായം നല്‍കി. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണത്തിന് അഞ്ചുലക്ഷം രൂപയും കെ.എസ്. ബ്രിഗേഡ് വാഗ്ദാനം നല്‍കി. സ്റ്റേഡിയം കോര്‍ണറില്‍ എന്‍.രാമകൃഷ്ണന്റെ പേരില്‍ ഒരുക്കിയ നഗറില്‍ നടത്തിയ ചടങ്ങ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രന്‍, എം.എല്‍.എ.മാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, ഡി.സി.സി. പ്രസിഡന്റുമാരായ സതീശന്‍ പാച്ചേനി (കണ്ണൂര്‍), ഹക്കീം കുന്നില്‍ (കാസര്‍കോട്), ടി.സിദ്ദിഖ് (കോഴിക്കോട്) എന്നിവര്‍ പങ്കെടുത്തു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറിമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, ഡി.സി.സി. ഭാരവാഹികള്‍ അങ്ങനെ നേതാക്കളുടെ നീണ്ടനിരതന്നെ ചടങ്ങിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളിലുള്ള ബ്രിഗേഡ് അംഗങ്ങള്‍ കണ്ണൂരിലെത്തിയിരുന്നു. സ്പ്രെഡ് ഹ്യുമാനിറ്റി, സേവ് കമ്യൂണിറ്റി എന്ന് ആലേഖനം ചെയ്ത ശുഭ്രവസ്ത്രധാരികളായ വൊളന്റിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ നിയന്ത്രണം ഏറ്റെടുത്തു.

Top