കണ്ണൂർ: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിനുശേഷം ഭീക്ഷണിയുമായി കെ സുധാകരൻ എം പി രംഗത്ത് .കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ ഭീഷണിയുമായി കെ. സുധാകരൻ എംപി. ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കും. അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. അടിച്ചാൽ കോൺഗ്രസ് തിരിച്ചടിക്കുമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്(30), ഹഖ് മുഹമ്മദ്(24) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവടക്കം ഏഴ് കോൺഗ്രസുകാർ അറസ്‌റ്റിൽ.പ്രധാനപ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത് (27), മരുതുംമൂട് ചെറുകോണത്ത് വീട്ടിൽ സജീവ് (35), മതപുരം വാഴവിളപൊയ്‌ക ചെരുവിൽ റോഡരികത്ത് വീട്ടിൽ സനൽ(32), പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41), പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ മതപുരം തടത്തരികത്ത് വീട്ടിൽ പ്രീജ (30)എന്നിവരാണ് അറസ്‌റ്റിലായത്.
അടൂർ പ്രകാശ് എംപിയുടെ അടുത്തയാളാണ് ഷജിത്ത്. ഇയാൾ എംപിയെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രീജ മഹിളാ കോൺഗ്രസ് പ്രവർത്തകയാണ്. സജീവും സനലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു. മറ്റുള്ളവർ ഗൂഢാലോചനയിലും പങ്കാളികളാണ്. ഷജിത്, അജിത്, സതിമോൻ, നജീബ് എന്നിവരെ റിമാൻഡ് ചെയ്‌തു.