ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെറിവിളിച്ച് കെകെ സുധാകരൻ ! ആലപ്പുഴയിലെ സമരാഗ്നി പരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ തെറിവിളിച്ചത്. പത്രസമ്മേളനത്തിനായി കെ സുധാകരന്‍ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശന്‍ എത്തിയത്. കടുത്ത ഭാഷയിൽ സതീശനെ വിമർശിച്ച സുധാകരൻ പ്രതിപക്ഷ നേതാവിനെതിരെ അസഭ്യ പ്രയോഗവും നടത്തി.
ആലപ്പുഴയിൽ ഇന്ന് രാവിലെ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിനിടയിലായിരുന്നു സംഭവം.സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്താ സമ്മേളനം. 10 മണിക്കായിരുന്നു വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത്. 10.30ഓടെയാണ് സുധാകരൻ എത്തിയത്. തുടർന്ന് സതീശന് വേണ്ടി സുധാകരൻ അടക്കമുള്ളവർ കാത്തിരിക്കുകയായിരുന്നു. 10.50 ആയിട്ടും സതീശൻ എത്താതിരുന്നതോടെയാണ് സുധാകരൻ സതീശനെതിരെ രംഗത്തെത്തിയത്.
മാധ്യമ പ്രവർത്തകർ കാത്തിരിക്കുകയണെന്നും പ്രതിപക്ഷ നേതാവ് എവിടെയാണെന്നുമാണ് സുധാകരൻ കൂടെയുള്ള പ്രവർത്തകരോട് ചോദിച്ചത്. ‘എവിടെയാണെന്ന് വിളിച്ച് ചോദിക്ക്, പത്രക്കാരോട് പറഞ്ഞിട്ട് ഇതെന്ത് മോശമാണ്’, എന്നാണ് സുധാകരൻ പറഞ്ഞത്. ഇതിനിടയിൽ സതീശനെതിരെ അസഭ്യ വാക്ക് ഉപയോഗിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന നേതാക്കൾ സുധാകരനെ തടഞ്ഞു.
കാമറയും മൈക്കും ഓൺ ആണെന്ന് കൂടെയുണ്ടായിരുന്ന വനിതാ നേതാവ് ഷാനിമോൾ ഉസ്മാനാണ് സുധാകരനെ ഓർപ്പിച്ചത്. അതേസമയം 11 മണിയോടെ വി ഡി സതീശൻ എത്തി. 11.5നല്ലേ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത് എന്ന് പറഞ്ഞ് കൊണ്ടാണ് സതീശൻ വാർത്താസമ്മേളനത്തിന് ഇരിക്കുന്നത്. നേരത്തേ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിൽ കെ സുധാകരനും വി ഡി സതീശനും പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് തർക്കിച്ചത് വാർത്തയായിരുന്നു.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോട്ടയം ഡിസിസി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലായിരുന്നു സംഭവം. ആരാദ്യം സംസാരിക്കണം എന്നത് സംബന്ധിച്ചായിരുന്നു പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും തമ്മിൽ തർക്കം ഉടലെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞാൻ സംസാരിക്കുമെന്ന് പറഞ്ഞപ്പോൾ അതെങ്ങനെയാ, കെ പി സി സി പ്രസിഡന്റ് എന്ന നിലയ്ക്കു ഞാനല്ലേ തുടങ്ങേണ്ടത് എന്ന് സുധാകരൻ സ്വരം കടുപ്പിക്കുകയായിരുന്നു. ഇതോടെ സതീശൻ അതൃപ്തിയോടെ മൈക്കുകൾ സുധാകരന്റെ മുൻപിലേക്കു നീക്കിവച്ചു.
യു ഡി എഫ് കൂട്ടായി നേടിയ വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവായ തനിക്കു മാത്രം തരാൻ സുധാകരൻ തീരുമാനിച്ചതുകൊണ്ട് അദ്ദേഹം ആദ്യം സംസാരിക്കുന്നതു തടയുകയായിരുന്നുവെന്നായിരുന്നു പിന്നീട് വിവാദത്തോട് സതീശൻ പ്രതികരിച്ചത്.