കൊച്ചി:കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച വിഎം സുധീരനോട് രാജി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വിഎം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാന്‍ ശ്രമിക്കുകയാണ്. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ വിശദീകരിച്ചു. സുധീരൻ കോൺഗ്രസിന്റെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തോട് രാജി പിൻവലിക്കാൻ കെപിസിസി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനസംഘടനയുമായി ബന്ധപ്പെട്ട് ഒരു പട്ടികയും ആരുടേയും കെയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. യോഗ്യതക്കനുസരിച്ച് അധ്യക്ഷന്മാരെ നിയമിക്കും. പ്രശ്‌നങ്ങളോര്‍ത്ത് നിങ്ങള്‍ ബേജാറാവണ്ട. ഞങ്ങള്‍ തീര്‍ത്തോളും. എന്ത് പ്രശ്‌നമുണ്ടെന്നും പരിഹരിച്ച് തീര്‍ത്തും. ശക്തമായി ഒരുമിച്ച് മുന്നോട്ട് പോകും.’ എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സുധീരനെ അനുനയിപ്പിക്കാൻ കെപിസിസിയ്ക്ക് ഹൈക്കമാൻഡിന്റെ നിർദേശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു വി എം സുധീകരൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത്. മതിയായ കൂടിയാലോചന നടത്താത്ത നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.
ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചത് മുതൽ മതിയായ കൂടിയാലോചന നടത്താതെയാണെന്ന നിലപാട് വി എം സുധീരൻ സ്വീകരിച്ചിരുന്നു. ഈ അതൃപ്തിയുടെ തുടർച്ചയാണ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിലേക്ക് എത്തിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് വി എം സുധീരൻ തയ്യാറായില്ല. ആവശ്യമെങ്കിൽ പിന്നീട് വിശദമായി പ്രതികരിക്കാമെന്ന നിലപാടിലാണ് സുധീരൻ. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന വിശദീകരണമാണ് കെപിസിസി നേതൃത്വം നൽകുന്നത്. വി എം സുധീരന്റെ രാജിയോട് പ്രതികരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തയ്യാറായില്ല.
ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് രാജി. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം. എന്നാല്‍ സുധീരനെ എത്രയും വേഗം അനുനയിപ്പിക്കാനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ സുധീരനുമായി ആശയം വിനിമയം നടത്തും.