മണ്ഡലകാലത്ത് യുവതികള്‍ എത്തിയാല്‍ സന്നിധാനം വീണ്ടും സംഘര്‍ഷഭൂമിയാകും എന്നതുറപ്പാണ്.വിധിക്ക് സ്റ്റേ ഇല്ലാത്തത് കൊണ്ട് തന്നെ മണ്ഡലകാലത്ത് യുവതീപ്രവേശനമാകാം എന്ന നിലപാടാണ് സര്‍ക്കാരിന്. എന്നാല്‍ ജനുവരി 22 വരെ സര്‍ക്കാര്‍ ക്ഷമ കാണിക്കണമെന്നും മണ്ഡലകാലത്ത് യുവതീപ്രവേശനം അനുവദിക്കരുതെന്നും ബിജെപി ഉള്‍പ്പെടെ ആവശ്യപ്പെടുന്നു. മണ്ഡലകാലത്ത് യുവതികൾ കയറിയാൽ പിന്നെ റിവ്യൂ ഹർജികൾക്ക് എന്ത് നിലനിൽപ്പാണുളളത് എന്ന ചോദ്യമാണുയരുന്നത്. റിവ്യൂ ഹർജികൾ കോടതി പരിഗണിക്കുന്നത് മണ്ഡലകാലത്തിന് ശേഷമാണ് എന്നതാണ് കാര്യങ്ങൾ സങ്കീർണമാക്കിയിരിക്കുന്നത്.
മണ്ഡലകാലത്ത് യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ എന്ത് വില കൊടുത്തും തടുക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ വ്യക്തമാക്കുന്നു. റിവ്യൂ ഹർജികളിൽ വിധി വരുന്നത് വരെ സർക്കാർ കാക്കണം എന്നാണ് കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റ്:
‘വധശിക്ഷ ലഭിച്ചയാൾ രാഷ്ട്രപതിയുടെ ദയാഹർജിക്കപേക്ഷിച്ചാൽ അതിന് മുൻപ് ശിക്ഷ റദ്ദാക്കിയില്ലെന്ന കാരണത്താൽ അയാളെ തൂക്കിക്കൊല്ലുമോ? റിവ്യൂ പെറ്റീഷൻ പരിഗണനക്കെടുത്ത് വിധി റദ്ദാക്കാൻ കോടതി തീരുമാനിച്ചാൽ അതിനു മുൻപ് ആചാരലംഘനം നടത്തുന്നത് ഉചിതമാണോ? ഈ ചോദ്യമാണ് അയ്യപ്പഭക്തർ പിണറായി വിജയനോട് ചോദിക്കുന്നത്. ദയവായി അവിവേകം കാണിക്കാതിരിക്കുക. അന്തിമവിധി വരുന്നതുവരെ കാത്തിരിക്കുക. അതിനിടയിൽ മർക്കട മുഷ്ടി കാണിച്ചാൽ ജീവൻ കൊടുത്തും ചെറുക്കും’.