കൊച്ചി: മഞ്ചേശ്വരം എംഎല്‍എ ആകാനുള്ള കെ സുരേന്ദ്രന്റെ ആഗ്രഹം എളുപ്പത്തില്‍ നടക്കാത്ത സാഹചര്യത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി. മണ്ഡലത്തിലെ മത്സരവിജയത്തിനെതിരെ സുദേന്ദ്രന്‍ നല്‍കിയ കേസ് തീര്‍പ്പാകാതെ നീണ്ടുപോകുന്നതാണ് കാരണം. മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ പി.ബി.അബ്ദുള്‍റസാഖ് 89 വോട്ടിനാണ് വിജയിച്ചത്. ഇതിനെതിരെയാണ് കെ.സുരേന്ദ്രനാണ് ഹര്‍ജി നല്‍കിയത്.
മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. റസാഖ് ഒക്ടോബര്‍ 20-ന് അന്തരിച്ചെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ സുരേന്ദ്രന്‍ തീരുമാനിക്കുകയായിരുന്നു. തന്നെ വിജയി ആയി പ്രഖ്യാപിക്കണം എന്നതാണ് സുരേന്ദ്രന്റെ ആവശ്യം. എംഎല്‍എ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് കേസ് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ കോടതി സുരേന്ദ്രനോട് നിര്‍്‌ദ്ദേശം വച്ചിരുന്നു. എന്നാല്‍ അത് നിരസിക്കപ്പെടുകയാണ് ഉണ്ടായത്.
ഇപ്പോള്‍, കേസ് പരിഗണിച്ചിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.അബ്രാഹം മാത്യു വിരമിച്ചതോടെ കേസ് ഇനിയും നീളുന്ന ഘട്ടത്തിലാണ്. ഇതോടെ അഴീക്കോടും കൊടുവള്ളിയും പോലും വീണ്ടും തെരഞ്ഞെടുപ്പ് നടന്നാലും ഈ കേസില്‍തീര്‍പ്പുണ്ടാകില്ലെന്ന് ഉറപ്പായി. ഇതിനുമുമ്പ് ജസ്റ്റിസ് കെ.രാമകൃഷ്ണനാണ് കേസ് കേട്ടിരുന്നത്. അദ്ദേഹം വിരമിച്ചപ്പോഴാണ് ജസ്റ്റിസ് അബ്രാഹമിന്റെ ബെഞ്ചിലെത്തിയത്.
കേരളത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണ് ഇത് എന്നതിനാല്‍ കേസ് പരിഗണിക്കുന്നതില്‍ ജഡ്ജിമാര്‍ക്കും താല്‍പ്പര്യം കുറവാണെന്ന ആക്ഷേപമുണ്ട്. വിരമിക്കുന്നതിനുമുമ്പ് കഴിഞ്ഞദിവസം കേസ് പരിഗണിച്ച അദ്ദേഹം കേസ് മൂന്നാഴ്ചത്തേക്ക് നീട്ടുകയാണ് ചെയ്തത്. ജനുവരി അവസാനവാരമോ ഫെബ്രുവരി ആദ്യമോ പുതിയ ജഡ്ജിയാവും ഇനി കേസ് പരിഗണിക്കുക. ഈ ജഡ്ജിയെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കണം. അതുകഴിഞ്ഞ് വിധി വന്നാലേ ഉപതിരഞ്ഞെടുപ്പ് വേണോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചയിക്കാനാകൂ.
സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ കള്ളവോട്ട് ചെയ്താണ് റസാഖ് ജയിച്ചതെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. കള്ളവോട്ട് ചെയ്തതായി പറയുന്ന 290-ലേറെപ്പേരുടെ പട്ടികയും സുരേന്ദ്രന്‍ ഹാജരാക്കിയിരുന്നു. ഇതില്‍ 190-ലേറെപ്പേരെ വിസ്തരിച്ചു. മരണപ്പെട്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞ പലരും മൊഴി നല്‍കാന്‍ കോടതിയിലെത്തി. ബാക്കിയുള്ള കുറച്ചുപേര്‍ വിദേശത്താണ്. ഇവരുടെ വിസ്താരം കഴിഞ്ഞാലേ വിധിയുണ്ടാകൂ. പുതിയ ജഡ്ജി കേസ് പഠിക്കേണ്ടതുമുണ്ട്. ഇതിനായി ഇനിയും കുറെ സമയം എടുക്കുമെന്നത് ഉറപ്പാണ്.
എന്നാല്‍, ഇനി തിരഞ്ഞെടുപ്പു വന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ടുമറിക്കല്‍ നടക്കുമെന്നത് ഉറപ്പാണ്. ബിജെപി.യെ തോല്‍പ്പിക്കാന്‍ ലീഗിന് സിപിഎം. വോട്ട് മറിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേശ്വരം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പമാണെങ്കില്‍ ഈ സാധ്യതയും കുറയുമെന്നാണ് വാദം. പക്ഷേ, കേസ് ജയിക്കുമെന്നുറപ്പുള്ളതിനാല്‍ പിന്‍വലിക്കില്ലെന്ന് അടുത്തദിവസവും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം കേസ് അനന്തമായി നീണ്ടു പോകുമ്പോള്‍ ജനപ്രതിനിധിയില്ലാതെ മണ്ഡലം എത്രനാള്‍ മുന്നോട്ടുപോകുമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സാധാരണ തിരഞ്ഞെടുപ്പുകേസല്ല കേരളത്തിന്റെ വടക്കേയറ്റത്തെ ഈ മണ്ഡലത്തില്‍. മറ്റു സ്ഥലങ്ങളില്‍ ജയിച്ചയാളെ അയോഗ്യനാക്കുന്നതുവരെ ജനപ്രതിനിധിയുണ്ട്. അതുകഴിഞ്ഞാലും ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് വരും. മരിച്ചുപോയാലും അങ്ങനെതന്നെ. ഇവിടെ രണ്ടും ചേര്‍ന്നതാണ്. കേസ് തീരുന്നതുവരെ ജനപ്രതിനിധിയില്ല. ഇത് വികസനമുരടിപ്പിനിടയാക്കുമെന്ന് തദ്ദേശസ്ഥാപനപ്രതിനിധികളും മറ്റ് സാമൂഹികപ്രവര്‍ത്തകരും പറയുന്നു. മണ്ഡലത്തിലുള്ളവര്‍ അനുഭവിക്കുന്ന അസൗകര്യങ്ങള്‍ സുരേന്ദ്രനെതിരെയുള്ള ജനരോഷമായി മാറുകയാണ്.