പത്തനംതിട്ട: പൊലീസിന്റെ കണ്ണുവെട്ടിച്ച് വെട്ടിച്ച് ശബരിമലയിലേക്ക് കെ സുരേന്ദ്രനും സംഘവുമെത്തിയത് നിഗൂഡമായ ഈ കാനനപാതയിലൂടെ വളരെ ത്യാഗം സഹിച്ചായിരുന്നു .കാട്ടാനയും പുലിയുമുള്ള കൊടുംകാട്ടിൽ കല്ലുംമുള്ളും ചവിട്ടി അട്ടയുടെ കടിയുമേറ്റാണ് അവർ ശബരിമല സന്നിധാനത്ത് എത്തിയത് .നിലയ്‌ക്കലിലും പമ്പയിലും സന്നിധാനത്തുമൊക്കെ പഴുതടച്ച സുരക്ഷയൊരുക്കി കമാൻഡോകൾ ഉൾപ്പെടെ പൊലീസ് സന്നാഹം സംഘപരിവാർ നേതാക്കളെ തടയാൻ നിലയുറപ്പിച്ചപ്പോൾ ആട്ട വിശേഷത്തിന് നട തുറന്ന ശബരിമലയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉൾപ്പെട്ട ഒൻപതംഗ സംഘം എത്തിയത് കൊടുംകാട്ടിലൂടെ 15 മണിക്കൂർ നടന്ന്. ശബരിമലയിൽ പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു സുരേന്ദ്രന്റെയും കൂട്ടരുടെയും നീക്കം.
മാദ്ധ്യമങ്ങളെപ്പോലും നിലയ്ക്കലിനടുത്ത് ഇലവുങ്കലിന് അപ്പുറം വിടാതെ ആവുന്ന വഴിയിലെല്ലാം പഴുതടച്ച് പരിശോധന നടത്തി നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ഒരുങ്ങി നിന്നപ്പോഴാണ് നാലാം തീയതി രാത്രി പതിനൊന്നിന് വനത്തിലൂടെ സുരേന്ദ്രനും കൂട്ടരും സന്നിധാനത്തേക്ക് തിരിച്ചത്. അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സന്നിധാനത്ത് എത്തിയത്.
പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇലവുങ്കലിൽ നിന്ന് പുറപ്പെട്ട് അഞ്ചാംതീയതി പുലർച്ചെ ആറ് മണിക്ക് അട്ടത്തോട് എത്തി. അവിടെ നിന്നാണ് ഉച്ചതിരിഞ്ഞ് സന്നിധാനത്ത് സംഘം എത്തിയത്. കാട്ടാനയും പുലിയുമുള്ള കൊടുംകാട്ടിൽ കല്ലുംമുള്ളും ചവിട്ടി അർദ്ധരാത്രിയാണ് അട്ടകടിയും കൊണ്ട് സുരേന്ദ്രനുംസംഘവും നടന്നത്. കാടിന്റെ മുക്കും മൂലയും അറിയാവുന്ന ചില യുവാക്കളായിരുന്നു വഴികാട്ടി. രാത്രി കൊടുംകാട്ടിൽ എന്തും സംഭവിക്കാമെന്ന ആശങ്ക വകവയ്ക്കാതെയാണ് ഇവർ സന്നിധാനത്തേക്ക് പുറപ്പെട്ടത്.
ചിത്തിര ആട്ട വിശേഷത്തിന് നട തുറക്കുന്ന ദിവസം ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് നേതാക്കൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ, പൊലീസിന്റെ സർവ സന്നാഹങ്ങളുടേയും കണ്ണുവെട്ടിച്ചാണ് സുരേന്ദ്രനും സംഘവും വനത്തിലൂടെ നടന്ന് സന്നിധാനത്ത് എത്തിയത്. സന്നിധാനത്തിന് ഏതാണ്ട് അടുത്തെത്തിയപ്പോഴാണ് വിവരം പൊലീസിന് ലഭിക്കുന്നത്.നിലയ്ക്കലിന് മുമ്പുള്ള ഇലവുങ്കലിൽ എല്ലാവരെയും തടഞ്ഞ് പൊലീസ് പരിശോധിച്ചിരുന്നു. നിലയ്ക്കലിൽ നിന്ന് അട്ടത്തോട്ടിലേക്ക് പോയ താമസക്കാരായ ആദിവാസികളെപ്പോലും പൊലീസ് തിരിച്ചറിയൽ കാർഡ് നോക്കിയാണ് കടത്തിവിട്ടത്. എന്നാൽ, ആ സ്ഥലത്തിനും മുമ്പുള്ള ഭാഗത്തുനിന്നാണ് സുരേന്ദ്രനും സംഘവും കാട്ടിലേക്ക് കയറിയത്.
കാട്ടാനകൾ നിറഞ്ഞ കാട്ടിൽ തലയിൽ ഘടിപ്പിക്കുന്ന സെർച്ച് ലൈറ്റ് മാത്രമായിരുന്നു സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. കാട്ടിലെ മുള്ളുകൾ കുത്തി എല്ലാവർക്കും ദേഹമാസകലം മുറിവേറ്റു. അട്ടയുടെ കടിയേൽക്കാത്തവർ ആരുമുണ്ടായില്ല. പാമ്പിന്റെ കടിയേൽക്കാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണെന്ന് സംഘാംഗങ്ങളിൽ ചിലർ പറഞ്ഞു. ഇടയ്ക്ക് കനത്ത മഴയും ഉണ്ടായിരുന്നു. ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്, പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് , ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ പി.വി.അനോജ് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു