സുരേന്ദ്രന് രക്ഷയില്ല; സന്നിധാനത്തെ വധശ്രമക്കേസില്‍ ജാമ്യമില്ല

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യമില്ല. ആട്ട ചിത്തിര വിശേഷ പൂജയ്ക്കായി നട തുറന്ന സമയത്ത് സ്ത്രീയെ ആക്രമിച്ച കേസിലാണ് ജാമ്യം നിഷേധിച്ചത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷനസ് കോടതിയാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. വധശ്രമക്കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശിയായ സൂരജ് ഉള്‍പ്പെടെ കേസിലെ മറ്റു നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി.
ആട്ട ചിത്തിരയ്ക്കായി നട തുറന്ന സമയത്ത് ദര്‍ശനത്തിനെത്തിയ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞതിന് പിന്നില്‍ കെ സുരേന്ദ്രനും പങ്കുണ്ടെന്നതായിരുന്നു കേസ്. സൂരജുമായി സുരേന്ദ്രന്‍ സംസാരിച്ചെന്നതിന് പൊലീസ് തെളിവ് നല്‍കിയിട്ടുണ്ട്. നേരത്തേ റാന്നി കോടതിയും ഇതേ കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് സുരേന്ദ്രന് മുന്നിലുള്ള വഴി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നയങ്ങളെ വിമര്‍ശിക്കുന്നതിലുള്ള പകപോക്കുകയാണെന്ന് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും എല്ലാ പൗരാവകാശങ്ങളും ലംഘിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top