കൊച്ചി:കെ വി തോമസ് എംപി ബിജെപിയിൽ എത്തുമോ ? പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് രംഗത്ത് .സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ് എന്ന കെവി തോമസ് എം പി പറഞ്ഞു . തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും കെ.വി. തോമസ് . ഇതു നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.വി. തോമസ്.
‘നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിർവഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തിൽ മോദി വിദഗ്ധനാണ്. പിഎസി ചെയർമാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബർ 31നു മുൻപ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിക്കു കഴിയുന്നുണ്ട്. ബൊഫോഴ്‌സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ കോൺഗ്രസ് നേരിട്ടു. എന്നാൽ എല്ലാ പ്രശ്‌നങ്ങളെയും മോദി സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു.മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിർക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ല.’ കെ.വി. തോമസ് പറഞ്ഞു