കാബൂൾ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്ഫോടനം. കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തിൽ കുട്ടികളും താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം . സൈനികര്‍ ഉള്‍പ്പെടെ നിരവധി അമേരിക്കന്‍ പൗരന്മാര്‍ക്കും പരിക്കേറ്റതായിട്ടാണ് വിവരം. ബ്രിട്ടീഷ് ഗേറ്റിന് സമീപത്ത് സ്‌ഫോടനമുണ്ടായെന്ന് വ്യക്തമായതോടെ അടിയന്തര യോഗം വിളിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്‌ഫോടനം നടന്ന പ്രദേശത്തിന് സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റതായി സൂചനയില്ല. സംഭവ സ്ഥലത്ത് ഇന്ത്യന്‍ പൗരന്മാരുണ്ടോയെന്നും വ്യക്തമല്ല. അമേരിക്കന്‍ പൗരന്മാര്‍ക്കും സൈനികര്‍ക്കും പരിക്കേറ്റതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തുള്ള ബാറോണ്‍ ഹോട്ടലിന് പുറത്തുള്ള സ്‌ഫോടനത്തിലാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റത്. ഒന്നിലേറെ ചാവേറുകളുണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പിന്നീട് വിമാനത്താവളത്തിന് പുറത്തെ ബാരൺ ഹോട്ടലിന് സമീപമാണ് രണ്ടാം സ്ഫോടനം ഉണ്ടായത്. ഇതിനിടെ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ പത്ത് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്താവളത്തിലേക്ക് ജനങ്ങൾ പോകരുതെന്ന് അമേരിക്ക അഭ്യർത്ഥിച്ചു. അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനെ സംഭവത്തെക്കുറിച്ച് ധരിപ്പിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ താലിബാൻ കുറ്റപ്പെടുത്തി. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്താണെന്ന് കുറ്റപ്പെടുത്തൽ.ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.