വാഷിങ്ടൻ : കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ബൈഡൻ താലിബാന് മുന്നറിയിപ്പു നൽകി. യുഎസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസ്സപ്പെടുത്തുകയോ ചെയ്താൽ തക്ക തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്.അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ കണക്കുകൂട്ടലുകൾ പിഴച്ചെന്ന വാദം ശക്തമായി ഉയരുന്നതിനിടെയാണ് വൈറ്റ്ഹൗസിൽനിന്നും പ്രസിഡന്റ് ബൈഡന്റെ പ്രതികരണമെത്തുന്നത്.
താലിബാൻ കാബൂൾ നഗരത്തിന്റെ നിയന്ത്രണം പിടിച്ചശേഷം ഇതു രണ്ടാം തവണയാണ് ബൈഡൻ വൈറ്റ്ഹൗസിൽനിന്ന് പരസ്യ പ്രസ്താവന നടത്തുന്നത്. 20 മിനിറ്റോളം നീണ്ടുനിന്ന വൈറ്റ്ഹൗസ് പ്രസ് കോൺഫറൻസിൽ വൈസ് പ്രസിഡന്റ് കമല ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരും ബൈഡനൊപ്പം പങ്കെടുത്തു.പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നേരെ വിരൽചൂണ്ടി ലോകം. താലിബൻ സേനക്കുമുന്നിൽ അഫ്ഗാൻ കീഴടങ്ങിയത് പ്രസിഡന്റ് ബൈഡന്റെ ആസൂത്രണമില്ലായ്മയും എടുത്തുചാട്ടവുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമർശനം. അഫ്ഗാൻ പിൻമാറ്റവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് ബൈഡൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരമാർശങ്ങളും ഇതിനോടകം ചർച്ചയായി.
ചരിത്രത്തിലെ ഏറ്റവും വലുതും ബുദ്ധിമുട്ടേറിയതുമായ രക്ഷാദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ നടന്നുവരുന്നതെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ഇപ്പോഴും യാതൊരു ധാരണയുമില്ലെന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിലേക്കു വരുന്ന ആളുകളെ താലിബാൻ തടയുന്നെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. വിമാനത്താവളത്തിലേക്കു വരുന്ന യുഎസ് പൗരൻമാരെ തടഞ്ഞ ഒരു സംഭവം പോലും ശ്രദ്ധയിൽപെട്ടിട്ടില്ല. അപ്രതീക്ഷിത പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, കാബൂൾ വിമാനത്താവളത്തിനു പുറത്തേക്ക് യുഎസ് സൈനിക ഇടപെടൽ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏതാണ്ട് 13,000 പേരെ യുഎസ് സൈനിക വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനിൽനിന്ന് പുറത്തെത്തിച്ചതായാണ് വൈറ്റ്ഹൗസ് നൽകുന്ന വിവരം. കാബൂൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ ദൗത്യം ഇപ്പോഴും തുടരുകയാണ്. കാബൂളിൽനിന്ന് ആളുകളുമായി എത്തുന്ന ഖത്തറിലെ വ്യോമ താവളത്തിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രക്ഷാദൗത്യം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു.
20 വർഷത്തെ യുദ്ധത്തിനൊടുവിൽ എത്ര യുഎസ് പൗരൻമാരാണ് നിലവിൽ അഫ്ഗാന്‍ മണ്ണിൽ ശേഷിക്കുന്നതെന്ന കാര്യത്തിൽ യുഎസ് സർക്കാരിന് കൃത്യമായ കണക്കില്ലെന്ന് ബൈഡൻ വ്യക്തമാക്കി. എന്നാൽ നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്ന എത്ര യുഎസ് പൗരൻമാർ അവിടെയുണ്ടെങ്കിലും, അവരെയെല്ലാം തിരികെ എത്തിച്ചിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യവുമായി സഹകരിച്ചിരുന്ന അഫ്ഗാൻ പൗരൻമാരെയും അവിടെനിന്ന് രക്ഷപ്പെടുത്താനുള്ള അമേരിക്കയുടെ ബാധ്യത ബൈഡൻ എടുത്തുപറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് ബൈഡൻ വ്യക്തമാക്കി. താലിബാൻ നിയന്ത്രണം പിടിച്ചെടുത്ത കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്കരവും അപകടകരവുമാണെന്ന് ബൈഡൻ അറിയിച്ചു.അതേസമയം, കാബൂൾ വിമാനത്താവളം ഇപ്പോഴും യുഎസ് സൈന്യത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലാണെന്നും ബൈഡൻ പ്രഖ്യാപിച്ചു.
ഈ വർഷം ഏപ്രിലിലാണ് അമേരിക്കൻ സൈന്യം പൂർണമായും അഫ്ഗാൻ വിടുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചത്. എന്നാൽ അമേരിക്കൻ പിൻമാറ്റത്തെ തുടർന്നുണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ചുള്ള ചോദ്യങ്ങൾ തള്ളിയ പ്രസിഡന്റ്, കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അഫ്ഗാൻ സേന സജ്ജമാണെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു. ജൂലൈ എട്ടിന് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അമേരിക്കൻ പിൻമാറ്റവും അഫ്ഗാനിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്. യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം അഫ്ഗാനിലെ പാവ സർക്കാർ തകർന്നടിയുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ടിനെ കുറിച്ച് മാധ്യമങ്ങൾ പ്രസിഡന്റ് ബൈഡനോട് ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സാധ്യത ഇല്ലെന്നാണ് ബൈഡൻ പറഞ്ഞത്. എഴുപതുകളിൽ വിയറ്റനാമിൽ നടന്ന അമേരിക്കൻ ഒഴിപ്പിക്കലിന് സമാനമായ സാഹചര്യമല്ല അഫ്ഗാനിലുള്ളതെന്നും ബൈഡൻ പറഞ്ഞു.
സോവിയറ്റ് പിന്തുണയുള്ള വടക്കൻ വിയറ്റ്നാമും അമേരിക്ക പിന്തുണച്ച തെക്കൻ വിയറ്റ്നാമും തമ്മിലെ യുദ്ധത്തിനിടെ, 1975ൽ അപ്രതീക്ഷിതായി വടക്കൻ വിയറ്റ്നാം അക്രമം ശക്തമാക്കിയത്. പരിഭ്രാന്തരായ അമേരിക്കൻ പക്ഷം അന്ന് എംബസിയുടെ ടെറസിലൂടെ ഹെലികോപ്ടർ മാർഗം പൗരൻമാരെ രക്ഷപ്പെടുത്തിയ ഭീതിതമായ ചരിത്രം അഫ്ഗാനിലും ആവർത്തിക്കുകയാണെന്നാണ് വിമർശനം. ഓപ്പറേഷൻ ഫ്രീക്വന്റ് വിൻഡ് എന്നു പേരിട്ട് വിയറ്റ്നാമിൽ നടത്തിയ ദൗത്യത്തിലൂടെ ഏഴായിരത്തിൽപര പേരെയാണ് രക്ഷപ്പെടുത്തിയത്.
രണ്ടു പതിറ്റാണ്ടു നീണ്ട അഫ്ഗാൻ അധിനിവേശത്തിന് ശേഷമാണ് അമേരിക്കൻ സൈന്യം രാജ്യത്തിന് നിന്നും പൂർണമായും പിൻമാറുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻലാദനെ വിട്ടുതരണമെന്ന അമേരിക്കൻ ആവശ്യം തള്ളിയ താലിബനെതിരെ 2001ലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാനിൽ അധിനിവേശം നടത്തുന്നത്. സഖ്യസേനക്ക് മുന്നിൽ താലിബൻ കീഴടങ്ങിയതിനെ തുടർന്ന് 2003ലാണ് നാറ്റോ അഫ്ഗാന്റെ സുരക്ഷ ഏറ്റെടുക്കുന്നത്. പാകിസ്താനിലെ അബട്ടാബാദിൽ വെച്ചു നടത്തിയ രഹസ്യ ദൗത്യത്തെ തുടർന്ന് ബിൻ ലാദനെ അമേരിക്ക വധിച്ചു. 2013 മുതൽ രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈന്യം ഏറ്റെടുത്തിരുന്നു. നിലവിൽ അമേരിക്കൻ പിൻമാറ്റത്തോടെ തലസ്ഥാനമായ കാബുൾ ഉൾപ്പടെ കീഴടക്കിയ താലിബാൻ, അഫ്ഗാൻ ഭരണം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് കൊട്ടാരത്തിലെ അഫ്ഗാൻ കൊടി നീക്കിയ താലിബാൻ അവരുടെ കൊടി നാട്ടുകയും, രാജ്യത്തിന്റെ പേര് ‘ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നു മാറ്റുകയും ചെയ്തിരുന്നു. തലസ്ഥാനം താലിബാൻ പിടിച്ചതോടെ പ്രസിഡന്റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിടുകയായിരുന്നു.