ജോ ബൈഡൻ ഡെമോക്രാറ്റുകളിലെ തീപ്പൊരി !ജോൺ എഫ്. കെന്നഡിക്ക് ശേഷം യു.എസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ കത്തോലിക്കാ വിശ്വാസി.

കൊച്ചി:വൈറ്റ് ഹൗസിലേയ്ക്കുള്ള മൂന്നാമത്തെ പോരാട്ടമാണ് ജോ ബൈഡനിത്. പ്രസിഡന്റാകാന്‍ ജോ ബൈഡന്‍ ആദ്യം നാമനിര്‍ദ്ദേശം നല്‍കിയത് 1988ല്‍ തന്റെ 46ാം വയസ്സിലാണ്. എന്നാല്‍ ഡെമോക്രാറ്റ് നോമിനേഷന് വേണ്ടിയുള്ള മത്സരത്തില്‍ ജയിക്കാന്‍ ബൈഡന് കഴിഞ്ഞില്ല. നോമിനേഷന്‍ നേടിയ മൈക്കള്‍ ഡുക്കാക്കിസ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് ബുഷ് സീനിയറിനോട് പരാജയപ്പെടുകയും ചെയ്തു. അന്ന് ഡെമോക്രാറ്റിക്ക് നോമിനേഷന്‍ നേടുകയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയോടുള്ള മത്സരത്തില്‍ ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ജോണ്‍ എഫ് കെന്നഡി കഴിഞ്ഞാല്‍ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി ജോ ബൈഡന്‍ മാറുമായിരുന്നു.

എന്നാല്‍ ബൈഡന്റെ കാത്തിരിപ്പ് നീണ്ടു. 2008ല്‍ ബൈഡന്‍ രണ്ടാം തവണ പ്രസിഡന്റാകാനുള്ള മത്സരത്തിനിറങ്ങി. എന്നാല്‍ ഡെമോക്രാറ്റിക്ക് നോമിനേഷനുള്ള അന്തിമ പോരാട്ടം ബറാക്ക് ഒബാമയും ഹിലരി ക്ലിന്റനും തമ്മിലായിരുന്നു. ഇതില്‍ ഒബാമ ജയിച്ച് സ്ഥാനാര്‍ത്ഥിയായി. യുഎസ് പ്രസിഡന്റുമായി. ജോ ബൈഡന്‍ വൈസ് പ്രസിഡന്റും ഹിലരി ക്ലിന്റന്‍ വിദേശകാര്യ സെക്രട്ടറിയുമായി. 2008ലും 2012ലും വൈസ് പ്രസിഡന്റായ ബൈഡന്‍ ഇത്തവണ യുഎസ്സിന്റെ പ്രഥമ പൗരനാകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന റെക്കോഡിന് പുറമെ കത്തോലിക്കാ സമുദായത്തിൽ നിന്നും പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡൻ. കത്തോലിക്ക വിഭാഗത്തിൽ നിന്നും ആദ്യമായി അമേരിക്കൻ പ്രസിഡന്റായ വ്യക്തിയാണ് ജോൺ എ‌ഫ്. കെന്നഡി. അമേരിക്കൻ പ്രസി‍ഡന്റ്മാരായ എല്ലാവരും ക്രിസ്ത്യൻ മതവിശ്വാസികളാണ്. അതേസമയം തോമസ് ജെഫേഴ്സൺ, എബ്രഹാം ലിങ്കൺ, വില്യം ഹോവാർഡ് ടാഫ്റ്റ് എന്നിവർ നിരീശ്വരവാദികളെന്നാണ് തെരഞ്ഞെടുപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം തുറന്നു പറയാൻ അവർ പിന്നീട് തയാറായിട്ടില്ലെന്നതാണ് വസ്തുത.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് എത്തിയവരിൽ ഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിൽപ്പെട്ടവരാണ്. ജെയിംസ് മാഡിസൺ മുതലുള്ള എല്ലാ പ്രസിഡൻരുമാരും വാഷിംഗ്‌ടൺ ഡി.സിയിലെ സെന്റ് ജോൺസ് എപ്പിസ്‌കോപ്പൽ ചർച്ച് സന്ദർശിച്ചിട്ടുമുണ്ട്. 1942 നവംബര്‍ 20-നാണ് ജോ ബൈഡന്റെ ജനനം. അതുപോലൊരു നവംബറിലാണ് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് പ്രഥമ പൗരനായി എത്തുന്നതും. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ബൈഡൻ 1973 മുതല്‍ 2009 വരെ ഡെലവെയറിൽ നിന്നുള്ള സെനറ്ററായിരുന്നു. 2009 മുതല്‍ 2017 വരെ അമേരിക്കൻ വൈസ് പ്രസിഡന്റുമായി. ബാരക് ഒബാമയായിരുന്നു അക്കാലത്ത് അമേരിക്കൻ പ്രസിഡന്റ്.

ഫിലാഡൽഫിയയിലെ സ്‌ക്രാന്റണിലായിരുന്നു ബൈഡന്റെ കുട്ടിക്കാലം. പത്താം വയസിലാണ് ഡെലവെയറിലെത്തുന്നത്. സ്കൂളിൽ, ബൈഡൻ എന്ന പേരു പറയുമ്പോൾ തന്നെ ‘ബൈ-ബൈ’ എന്ന് സഹപാഠികൾ പരിഹസിച്ചിരുന്നു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം വിയറ്റ്നാം യുദ്ധ സേവനത്തിന് ബൈഡൻ സ്വമേധയാ തയാറായെങ്കിലും മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു.

1970 ല്‍ ന്യൂ കാസില്‍ കൗണ്ടി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബൈഡൻ പാർലമെന്ററി രാഷ്ട്രീയം ആരംഭിക്കുന്നത്. ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായിരുന്നു ബൈഡൻ. 1972 ല്‍ ഡെലവെയറില്‍ നിന്ന് യുഎസ് സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിഅംഗവും ഒടുവില്‍ ചെയര്‍മാനുമായി. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് എതിരായിരുന്ന ബൈഡൻ കിഴക്കന്‍ യൂറോപ്പിലേക്ക് നാറ്റോ സഖ്യം വ്യാപിപ്പിക്കുന്നതിനും 1990 കളിലെ യുഗോസ്ലാവ് യുദ്ധങ്ങളിലെ ഇടപെടലിനും പിന്തുണ നല്‍കി. 2002 ലെ ഇറാഖ് യുദ്ധത്തിന് അംഗീകാരം നല്‍കുന്ന പ്രമേയത്തെയും പിന്തുണച്ചു. 1987 മുതല്‍ 1995 വരെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അധ്യക്ഷനായി. തുടർന്ന് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റും. 77 കാരനായ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തി കൂടിയാണ്.

 

Top