
തിരുവനന്തപുരം: ‘അമ്മ മകനെ പീഡിപ്പിച്ചു എന്ന കേസിൽ ദുരൂഹത .’അമ്മ പോക്സോ വകുപ്പിൽ ജയിലിൽ കഴിയുകയാണ് .പതിമൂന്നുകാരന്റെ പീഡന പരാതിയിൽ മാതാവിനെതിരെ ഡിസംബർ 18നാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. 22ന് അറസ്റ്റിലായ യുവതി അന്നു മുതൽ അട്ടക്കുളങ്ങര ജയിലിലാണ്. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള ആൺമക്കളും 6 വയസുള്ള മകളും ഇവർക്കുണ്ട്. പിതാവു തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നോടും സമാനമൊഴി നൽകാൻ പറഞ്ഞിരുന്നതായും പതിനൊന്നുകാരനായ മകന്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ലെങ്കിലും ഗാർഹിക പീഡനത്തെത്തുടർന്ന് മാറി താമസിക്കുകയായിരുന്നു യുവതി.
കേസ് കെട്ടിച്ചമച്ചതാണെന്ന ബന്ധുക്കളുടെയും ആക്‌ഷൻ കൗൺസിലിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഐജിക്ക് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. യുവതിയുടെ ഭർത്താവ് വിദേശത്തു ജോലിക്കുപോയശേഷം നാട്ടിലെത്തുമ്പോഴെല്ലാം സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു.
വിവാഹബന്ധം വേർപ്പെടുത്താതെ ഇയാൾ 2019ൽ വേറെ വിവാഹം കഴിച്ചു താമസം മാറി. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും ജീവനാംശത്തിനുമായി യുവതി കോടതിയിൽ പരാതി നൽകി. ഇതിനിടെ, മകനിൽനിന്ന് പീഡനവിവരമറിഞ്ഞ പിതാവ് കുട്ടിയുമൊത്ത് നാട്ടിലെത്തി പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മെഡിക്കൽ പരിശോധ നടത്താനും പൊലീസ് തയാറെടുക്കുന്നു. എന്നാൽ, ഭർത്താവിന്റെ പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണ് പൊലീസിന്റെ നടപടിയെന്നു യുവതിയുടെ ബന്ധുക്കൾ പറയുന്നു.
അതേസമയം അമ്മയ്ക്കെതിരായ പോക്സോ കേസിലെ എഫ്ഐആറിൽ പരാതിക്കാരന്‍റെ സ്ഥാനത്ത് സിഡബ്ലുസിയുടെ പേരു ചേർത്ത സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ എൻ.സുനന്ദ സർക്കാരിനു പരാതി നൽകും. ആഭ്യന്തര സെക്രട്ടറി, ഡിജിപി, കേസിന്റെ ചുമതലയുള്ള ഐജി എന്നിവർക്കു പരാതി നൽകുമെന്നു എൻ.സുനന്ദ മനോരമ ഓൺലൈനോട് പറഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കുട്ടി നൽകിയ മൊഴി, സിഡബ്ല്യുസി നൽകിയ റിപ്പോർട്ട് എന്നിവ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത് എന്നാണ് കടയ്ക്കാവൂർ പൊലീസ് കോടതിയെ അറിയിച്ചത്. കേസിനെക്കുറിച്ച് ആദ്യവിവരം നൽകിയ ആളായി എഫ്ഐആറിൽ സിഡബ്ല്യുസി ചെയർപഴ്സൻ എൻ. സുനന്ദയുടെ പേരാണ് ചേർത്തത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ കൗൺസിലിങ് നടത്തുകയോ കേസെടുക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു സിഡബ്ലുസി അധികൃതർ പറഞ്ഞു. ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസിലെ കൗൺസിലറാണ് കൗൺസിലിങ് നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അത് പൊലീസിനു കൈമാറുക മാത്രമാണ് ചെയ്തത്. കുട്ടി പീഡനത്തിനു ഇരയായെന്ന വിവരം അറിയിച്ചത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. കേസിന്റെ ഫയലുകൾ ഐജി വിളിച്ചുവരുത്തി. ഭർത്താവിന്റെ പരാതിയും കൗൺസിലിങ് നടപടികളും അറസ്റ്റിലേക്കു നയിച്ച സാഹചര്യങ്ങളുമെല്ലാം ഐജി പരിശോധിക്കും. കുടുംബപ്രശ്നങ്ങളുണ്ടെന്നു വ്യക്തമായിട്ടും കേസെടുക്കാൻ പൊലീസ് തിടുക്കം കാട്ടിയോ എന്നും അന്വേഷിക്കും. കടയ്ക്കാവൂർ സിഐ, ആറ്റിങ്ങൽ ഡിവൈഎസ്പി എന്നിവരിൽനിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും.