ലോക്ക് ഡൗണിൽ വൻ വിൽപ്പന ലക്ഷ്യമിട്ട് വാറ്റ്: 52 ലിറ്റർ കോടയും ഒന്നര ലിറ്റർ വാറ്റുമായി രണ്ടു പേർ പിടിയിൽ

കോട്ടയം: കടുത്തുരുത്തിയിൽ ലോക്ക് ഡൗണിന്റെ മറവിൽ മദ്യവിൽപ്പന ലക്ഷ്യമിട്ട് വ്യാജവാറ്റും ചാരായം വിൽപ്പനയും സജീവമാക്കിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ. ഒന്നര ലിറ്റർ ചാരായവും 52 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വൈക്കം മുളക്കുളം തെക്കേക്കര വട്ടപ്പറമ്പിൽ മനോജ് വി. എം (39), വൈക്കം മുളക്കുളം തെക്കേക്കര തെറ്റാലിപറമ്പിൽ പ്രതീഷ്. ടി. കെ ( 39) എന്നിവരെയാണ് കടുത്തുരുത്തി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പിടിയിലായ രണ്ടു പേരെയും പ്രതികളാക്കി കേസെടുത്തു. ലോക്ക് ഡൗണിൽ മദ്യം നിരോധിച്ചതിന്റെ മറവിൽ മുളക്കുളം ചെല്ലാനിരപ്പ് കേന്ദ്രീകരിച്ചു ഇരുവരും ചാരായം വാറ്റുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് വ്യാപകമായി വ്യാജ മദ്യം ഒഴുകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്നു ചൊവ്വാഴ്ച എക്‌സൈസ് സംഘം രഹസ്യ പരിശോധന നടത്തുകയായിരുന്നു. തുടർന്നു, ലോക് ഡൗണിൽ മദ്യം ലഭിക്കാത്തര സാഹചര്യം മുതലെടുത്ത് ചാരായം വാറ്റി വില്പന നടത്തിയവരാണ് ഇരുവരും എന്നു കണ്ടെത്തി. തുടർന്നു, ഇവരുടെ വ്യാജ വാറ്റ് കേന്ദ്രം റെയിഡ് ചെയ്യുകയായിരുന്നു. വാഷ് അടക്കം പ്ലാസ്റ്റിക് കന്നാസുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റൗ എന്നിവയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, ഹരീഷ് ചന്ദ്രൻ, ആനന്ദരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ തോമസ് ചെറിയാൻ, പ്രജീഷ് വനിത സിവിൽ എക്‌സൈസ് ഓഫീസർ സുമിതാമോൾ ഡ്രൈവർ സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ പറ്റി എക്‌സൈസ് വകുപ്പിന് വിവരം നൽകുവാൻ 9400069522എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Top