ബിജെപിയെ പുകഴ്ത്തി മുസ്ലീം ലീഗ് വനിതാ നേതാവ്; പുലിവാലുപിടിച്ച് നേതാക്കള്‍; ഖമറുന്നിസ അന്‍വറിനെതിരെ നടപടിയെടുക്കും

മലപ്പുറം: ബിജെപിയെ പുകഴ്ത്തി വനിതാ ലീഗ് അധ്യക്ഷയുടെ നിലപാടില്‍ ലീഗ് നേതൃത്വം പുലിവാല് പിടിച്ചു. ബിജെപിക്ക് വിജയാശംസ നേര്‍ന്ന വനിതാ ലീഗ് അധ്യക്ഷ ഖമറുന്നിസ അന്‍വറിന്റെ പ്രസ്താതാവന വിവാദമായതോടെ തിരുത്താന്‍ ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ, സംസ്ഥാന നേതാക്കള്‍ രംഗത്തെത്തിയെങ്കിലും നിലപാട് മയപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല.

ബിജെപിയുടെ ഫണ്ട് നല്‍കിയ ശേഷം വിജയാശംസകള്‍ നേര്‍ന്ന് ബിജെപിയെ അനുമോദിച്ചതായിരുന്നു വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസാ അന്‍വറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് അമര്‍ഷം ഉയരാന്‍ ഇടയാക്കിയത്. ഇന്നലെ വൈകിട്ടായിരുന്നു ബിജെപി സംസ്ഥാന ഫണ്ട് ശേഖര ണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ തിരൂരിലെ വീട്ടില്‍ വെച്ച് നടന്നത്. പരിപാടിയുടെ കവറേജിനായി മാധ്യമങ്ങളെയെല്ലാം ബിജെപി നേതാക്കള്‍ ഖമറുന്നിസയുടെ വീട്ടിലേക്ക് നേരത്തേ വിളിച്ചു വരുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി സംസ്ഥാന സമിതിയംഗം എംകെ ദേവീദാസന്‍, ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി നേതാക്കളായ സുനില്‍പരിയാപുരം, ശശി കറുകയില്‍, മനു മോഹന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി പ്രദീപ് കുമാറിന് ഫണ്ട് കൈമാറിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് ഖമറുന്നിസ സംസാരിച്ചത്. എന്നാല്‍ നൊടിയിടയില്‍ ഇത് വിവാദമാകുകയും സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തു. ലീഗിന്റെ ബിജെപിയുമായുള്ള ബന്ധത്തെ പരിഹസിച്ച് രാഷ്ട്രീയ എതിരാളികളും രംഗത്തെത്തി. ഇതോടെ ലീഗ് പ്രതിരോധത്തിലായി. ഖമറുന്നിസയെ പിന്തുണച്ച് ലീഗ് അണികള്‍ ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും വലിയ വിഭാഗം അണികളും അമര്‍ഷം മറച്ചു വെച്ചില്ല. അതിരൂക്ഷമായ ഭാഷയില്‍ തന്നെ അണികള്‍ രംഗത്തെത്തി.

ഖമറുന്നിസയുടെ പ്രസ്താവനയും ബിജെപിയുടെ ഫണ്ട് സമാഹരണ പരിപാടി വീട്ടില്‍ വെച്ച് നടത്തിയതുമെല്ലാം ബോധപൂര്‍വമാണെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഈ നടപടി ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് വലിയ വിഭാഗം അണികളും നേതാക്കളും. ഖമറുന്നിസയില്‍ നിന്ന് വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി ജനങ്ങള്‍ക്കു വേണ്ടി ഒട്ടേറെ ചെയ്തിട്ടുണ്ടെന്നും ബിജെപി ക്ക് സര്‍വ്വവിധ വിജയാശംസകളും നേരുന്നുവെന്നുമാണ് ഖമറുന്നീസ പറഞ്ഞത്.

ബിജെപിക്ക് സംഭാവന കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഖമറുന്നിസ കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗിന്റെ ശക്തി കോട്ടയില്‍ നിന്നും വനിതാ ലീഗ് അധ്യക്ഷ ഫണ്ട് കൈമാറിക്കൊണ്ട് പ്രശംസിച്ചത് മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ വലിയ കരുത്തായി കാണുന്നതായി ബിജെപി നേതാക്കളും പ്രതികരിച്ചു. നിലവില്‍ കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമായ ഖമറുന്നിസ ഈ സ്ഥാനത്തേക്ക് പരിഗണിച്ച ശേഷം ബിജെപിയെ പ്രശംസിച്ച് നേരത്തേ പ്രസ്ഥാവനയിറക്കിയിരുന്നു. അതേസമയം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തിനും ബീഫ് വിഷയത്തിലും ഖമറുന്നിസ സംഘ്പരിവാരിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം മറന്ന് പ്രശംസിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്.

ഒരു വശത്ത് മുസ്ലിം ലീഗ് ബിജെപിക്കെതിരെ ശക്തമായി നിലപാടെടുക്കുമ്പോഴാണ് വനിതാ ലീഗ് അധ്യക്ഷ ബിജെപിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം

Top