തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ച് കയറിയ കനകദുര്‍ഗയെ മാപ്പ് പറയാതെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകദുര്‍ഗയുടെ ശബരിമല സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. കുടുംബത്തിന്റെ പിന്തുണ ഇല്ലാതെയാണ് കനകദുര്‍ഗ ശബരിമലയിലെത്തിയതെന്നും സഹോദരന്‍ വ്യക്തമാക്കി.
വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃകുടുംബവും കനകദുര്‍ഗയെ തള്ളിപ്പറയുകയും അവിടെ വച്ച് ഭര്‍തൃമാതാവ് തന്നെ പട്ടികകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചെന്നും കനദുര്‍ഗ പരാതിപ്പെട്ടിരുന്നു.കനകദുര്‍ഗ തന്നെയാണ് ആക്രമിച്ചതെന്ന് ചൂണ്ടിക്കാട്ട് ഭര്‍തൃമാതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു. കനകദുര്‍ഗ വിശ്വാസിയല്ലെന്നും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നും സഹോദരന്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കനകദുര്‍ഗയ്ക്കൊപ്പം മല ചവിട്ടിയ ബിന്ദു കനത്ത പോലീസ് സുരക്ഷയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. നേരത്തെ വീട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് വീട്ടില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥയില്‍ കഴിയുന്ന കനകദുര്‍ഗ്ഗയ്ക്കുണ്ടായ അനുഭവം എന്തായാലും ബിന്ദുവിനുണ്ടായില്ല. ഇവരുടെ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വീട്ടുകാര്‍ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത്. കനദുര്‍ഗയ്ക്ക് അമ്മായിയമ്മയില്‍ നിന്നും മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ ബിന്ദു വീട്ടിലേക്ക് എത്തിയത് ശക്തമായ പൊലീസ് കാവലില്‍ ആയിരുന്നു. സിപിഎം പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.