കൊച്ചി: കനകമല കേസില്‍, ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത് രാജ്യങ്ങളോട് യുദ്ധം ചെയ്തുവെന്ന കേസിൽ മലയാളി സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായി 19 വർഷത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.വിദേശത്ത് പോയി ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ശേഷം ഇന്ത്യയില്‍ വിചാരണക്ക് വിധേയനാക്കിയ ആദ്യ പ്രതിയാണ് തൊടുപുഴ സ്വദേശിയായ സുബഹാനി ഹാജ. സുബഹാനി ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇറാഖില്‍ യുദ്ധം ചെയ്തെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇന്ത്യയില്‍ ഐ.എസ് ഓപ്പറേഷനുകള്‍ക്ക് വേണ്ടി സ്‌ഫോടക – രാസ വസ്തുക്കള്‍ ശേഖരിക്കുന്ന ദൗത്യം സുബഹാനിയേയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ ആരോപിച്ചിരുന്നു. ഐ.എസ് ബന്ധം ആരോപിച്ച് കനകമലയില്‍ നിന്നും ആറ് പേരെ അറസ്റ്റ് ചെയ്തോടെയാണ് സുബഹാനിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളെ തിരുനല്‍വേലിയില്‍ നിന്നാണ് പിടികൂടിയത്.2015 ഏപ്രിലിലാണ് സുബഹാനി, തുര്‍ക്കി വഴി ഇറാഖിലെ മൊസൂളിലെ ഐ.എസ് ക്യാമ്പിലെത്തിയത്.വിദഗ്ധ പരിശീലനത്തിന് ശേഷം ഐ.എസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടു. നാല് മാസം ഇയാള്‍ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഷെല്‍ ആക്രമണത്തില്‍ ചാരമായി മാറുന്നത് കണ്ടതോടെയാണ് യുദ്ധത്തില്‍ നിന്നും പിൻമാറി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യയില്‍ ഐ.എസ്.പ്രവര്‍ത്തനം നടത്താമെന്ന ഉറപ്പും ഇയാള്‍ നല്‍കിയിരുന്നു.
സുബഹാനി നടത്തിയ കൂട്ടക്കുരുതിയുടെ ദൃശ്യങ്ങും ഐ.എസ് ഭീകരരുമായി നടത്തിയ ആശയ വിനിമയങ്ങളും എന്‍.ഐ.എ., കോടതിയില്‍ പ്രദര്‍ശിപ്പിച്ചു.അതേസമയം താന്‍ രാജ്യത്തിനെതിരെയോ മറ്റ് രാജ്യങ്ങള്‍ക്ക് എതിരെയോ യുദ്ധം നടത്തിയിട്ടില്ലെന്ന് സുബഹാനി കോടതിയെ അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് മാനസാന്തരം ഉണ്ടാകില്ലെന്ന് തെളിവുകള്‍ സഹിതം എന്‍.ഐ.എ. വാദിച്ചു.