ലോ അക്കാദമി സമരം രാഷ്ട്രീയ സമരമല്ലെന്നും ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ല;പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തില്‍ പറയുമെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം:പാര്‍ട്ടി പത്രമായ  ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന്‍.ജനയുഗത്തില്‍ വന്ന ലേഖനം സംബന്ധിച്ച് എഡിറ്റര്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ പത്രത്തില്‍ വന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പാത്രങ്ങളില്‍ വരാറുണ്ട്. പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തില്‍ പറയും. ലോ അക്കാദമി സമരം രാഷ്ട്രീയ സമരമല്ല. ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി സമരം മാത്രമാണ്. പാര്‍ട്ടി പിന്തുണയ്ക്കുന്നത് വിദ്യാര്‍ഥികളുടെ ആവശ്യത്തെയാണെന്നും കാനം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോ അക്കാദമി ഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഭൂമി നല്‍കിയത് സംബന്ധിച്ച വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷിച്ചതിന് ശേഷം അഭിപ്രായം പറയാം. ഭൂമി ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിച്ച ശേഷമേ നടപടി എന്തായിരിക്കുമെന്ന് പറയാനാവൂ. ഇപി ജയരാജന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നില്ലെന്നും കാനം പറഞ്ഞു.സര്‍ക്കാരിനെതിരായ സമരമല്ല സിപിഐ നടത്തുന്നത്. ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകമാത്രമാണ് സിപിഐ ചെയ്യുന്നത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ചചെയ്താണ് പ്രശ്‌നം പരിഹരിക്കേണ്ടത്. ചര്‍ച്ചയ്ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Top