തിരുവനന്തപുരം: സിപിഎമ്മില്‍ കാനം- ഇസ്മയില്‍ പോര് മുറുകുന്നു. ഇന്ന് സിപിഐ കളിപ്പാന്‍കുളം ബ്രാഞ്ച് നടത്താനിരുന്ന സി. അച്യുത മേനോന് അനുസ്മരണ സമ്മേളനം റദ്ദാക്കിയതിലാണ് വീണ്ടും പോര് മുറുകുന്നത്. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയാണ് അവസാന നിമിഷം ജില്ലാ നേതൃത്വം ഇടപെട്ട് റദ്ദാക്കിയത്.
നേമം മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള കളിപ്പാന്‍കുളത്ത് ഇന്ന് നടത്താനിരുന്ന സി. അച്യുത മേനോന് അനുസ്മരണ സമ്മേളനവും പഠനോപകരണ വിതരണവുമാണ് റദ്ദാക്കിയത്. പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഷിബു.കെ.സുരേന്ദ്രന് ഇസ്മയില്‍ പക്ഷക്കാരനാണ്. പ്രളയവും ദുരിതാശ്വാസവും മുന്‍ നിര്‍ത്തി പരിപാടി റദ്ദാക്കണമെന്ന് ജില്ലാ സെക്രട്ടറി ജി.ആര് അനില്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇസ്മയില്‍ പക്ഷക്കാരനായിരുന്ന അനില്‍ മലപ്പുറം സമ്മേളനത്തിന് ശേഷം കൂറുമാറിയെന്നും അതുകൊണ്ടാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ മാസം പതിനേഴിന് നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നണമെന്ന പാര്‍ട്ടി നയമാണ് പരിപാടി മാറ്റി വെച്ചതിന് പിന്നില്‍. അതേസമയം ആ വരുന്ന 19ന് കെ.വി സുരേന്ദ്രനാഥ് ട്രസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച ജില്ലാ നേതൃത്വം ഈ പരിപാടി റദ്ദാക്കിയതിന് പിന്നില്‍ പ്രത്യേക താത്പര്യങ്ങളാണെന്ന് ഇസ്മയില്‍ പക്ഷക്കാര്‍ പറയുന്നു.
ഇസ്മയിലിന് പകരം സി. ദിവാകരനെ പരിപാടിയില്‍ പങ്കെടുപ്പിക്കാമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ നിര്‍ദ്ദേശം വന്നെന്നും അംഗങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ സി. ദിവാകരന് ഇതിന് വിസമ്മതം അറിയിച്ചതായാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.