കനയ്യ കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറു മാസത്തേയ്ക്ക് ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ജാമ്യ തുകയായി 10,000 രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവയ്ക്കണം. കേസ് അന്വേഷണത്തോട് സഹകരിക്കണമെന്നും കനയ്യയോട് കോടതി ആവശ്യപ്പെട്ടു.

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഡല്‍ഹി പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രാജ്യദ്രോഹക്കുറ്റം എന്താണെന്നു പോലും നിങ്ങള്‍ക്ക് അറിയില്ലേയെന്നു വാദത്തിനിടെ കോടതി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കനയ്യ കുമാറിന് അനുകൂലമായ നിലപാടെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പൊലീസ് തെളിവായി സ്വീകരിച്ച ഏഴു വിഡിയോ ക്ലിപ്പുകളില്‍ മൂന്നെണ്ണമാണു വ്യാജമാണെന്നു കണ്ടെത്തിയത്. കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനു തെളിവെന്നു പൊലീസ് അവകാശപ്പെട്ട ക്ലിപ്പുകളാണു വ്യാജമെന്നു തെളിഞ്ഞത്. ഒരു ചടങ്ങിന്റെ ദൃശ്യം മറ്റൊരു ചടങ്ങിലെ മുദ്രാവാക്യം കൂട്ടിച്ചേര്‍ത്താണ് ഇതു നിര്‍മിച്ചത്. ഇതിന്റെ തെളിവ് നേരത്തേ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതു തെളിയിക്കുന്നതാണു ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ഒന്‍പതിനാണു ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നത്. രണ്ടു ദിവസത്തിനുശേഷം അനുസ്മരണ പരിപാടിക്കുള്ള അനുമതി എബിവിപിയുടെ പരാതിയെത്തുടര്‍ന്നു റദ്ദാക്കിയതിനെതിരെ പ്രതിഷേധ കൂട്ടായ്മ നടന്നു. ഈ പരിപാടിയില്‍ മുദ്രാവാക്യങ്ങള്‍ക്കു നേതൃത്വം നല്‍കിയതു കനയ്യ ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങളിലാണു കൃത്രിമമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളക്കിച്ചേര്‍ത്തത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കനയ്യ കുമാറിനെതിരായ പ്രധാന തെളിവായി പ്രചരിച്ചത് ഈ വിഡിയോ ആണ്.

Top