സ്വന്തം മുറിയിലെ എസി അഴിച്ചുകൊണ്ടുപോയി!..കനയ്യ കുമാറും അനുയായികളും നാളെ കോൺഗ്രസിൽ ചേരും; ചടങ്ങിൽ രാഹുൽ പങ്കെടുക്കും

ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും. മൂന്നു മണിക്ക് എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ വെച്ചാണ് കനയ്യ കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. ജിഗ്നേഷ് മേവാനി കനയ്യയോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമെങ്കിലും പിന്നീടായിരിക്കും അദ്ദേഹം അംഗത്വം സ്വീകരിക്കുക. രാഹുൽ ഗാന്ധി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

ജവ‍‍ര്‍ലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുൻ യൂണിയൻ നേതാവും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ് കനയ്യ കുമാ‍ര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബഗുസരായിൽ നിന്നും മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഓൺലൈൻ ക്രൗഡ് ഫണ്ടിങ് നടത്തിയത് വിവാദമായിരുന്നു. സിപിഐയുമായുള്ള കലഹം അവസാനിക്കണമെങ്കിൽ ബിഹാർ സംസ്ഥാന സെക്രട്ടറിയാക്കണമെന്നായിരുന്നു കനയ്യയുടെ ആവശ്യം. അടുത്ത പാ‍‍ര്‍ട്ടി കൗൺസിലിൽ ഇക്കാര്യം ച‍ര്‍ച്ച ചെയ്യാനിരിക്കെയാണ് കനയ്യ കോൺഗ്രസിൽ ചേരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കനയ്യയ്ക്കും ജിഗ്നേഷിനും രാഹുൽ ഗാന്ധി കോൺഗ്രസ് അംഗത്വം നൽകുമെന്ന് നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഭഗത് സിങ്ങിന്റെ ജന്മവാർഷികമായ സെപ്റ്റംബ‍ര്‍ 28ന് അംഗത്വം സ്വീകരിക്കാൻ കനയ്യ തീരുമാനിക്കുകയായിരുന്നു. കനയ്യ കുമാറും ജിഗ്നേഷും പാ‍ര്‍ട്ടിയിൽ എത്തുന്നതോടെ കൂടുതൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകര്‍ഷിക്കാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

അതേസമയം കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാറ്റ്നയിലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയിലെ എയ‍ര്‍കണ്ടീഷ്നര്‍ കനയ്യകുമാര്‍ അഴിച്ചുകൊണ്ടു പോയെന്നാണ് റിപ്പോ‍ര്‍ട്ട്. കനയ്യ സ്വന്തം നിലയ്ക്ക് വാങ്ങിയ എസിയാണെന്നും തിരികെ കൊണ്ടുപോയതിൽ അപാകതയില്ലെന്നും സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ പ്രതികരിച്ചു. പാ‍ര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിക്കാൻ വാ‍ര്‍ത്താ സമ്മേളനം വിളിക്കണമെന്ന പാ‍ര്‍ട്ടിയുടെ ആവശ്യം കനയ്യ തള്ളിയിരുന്നു.

Top