കോണ്‍ഗ്രസിന് കനത്ത തിരിച്ചടി.പാര്‍ട്ടി വൈസ് പ്രസിഡന്റും എംഎല്‍എയും ബിജെപിയിൽ ചേർന്നു

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പാര്‍ട്ടി വൈസ് പ്രസിഡന്റും എംഎല്‍എയുമായ ചാള്‍ട്ടന്‍ലിന്‍ ആമോ രാജിവച്ച് ബിജെപിയില്‍ ചേർന്നു . അദ്ദേഹം വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഫെബ്രുവരി 27നും മാര്‍ച്ച് 3നുമാണ് പോളിങ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

മണിപ്പൂരിന് പുറമെ നാല് സംസ്ഥാനങ്ങള്‍ കൂടി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നിവയാണിവ. ഇതില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ബാക്കി നാലിടത്തും ബിജെപിയാണ് ഭരിക്കുന്നത്. മണിപ്പൂരില്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഇംഫാലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആമോ ബിജെപി അംഗത്വമെടുത്തു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭുപേന്ദ്ര യാദവിന്റെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കല്‍. മണിപ്പൂരിലെ ബിജെപിയുടെ സംഘടനാ ചുമതലയുള്ള നേതാവാണ് ഭൂപേന്ദ്ര യാദവ്. അതിന് പുറമെ, മുഖ്യമന്ത്രി എന്‍ ബിരന്‍ സിങ്, ബിജെപി സംസ്ഥാന അധ്യക്ഷ എ ശാരദ ദേവി എന്നിവരും സംബന്ധിച്ചു.

2017 ആദ്യത്തിലാണ് നേരത്തെ മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 28 അംഗങ്ങള്‍ ജയിച്ചു. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്‍ ബിജെപിയാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇടയ്ക്കിടെ രാജിവയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മിക്കവരും ബിജെപിയില്‍ ചേരുകയായിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ ദാസ് കൊന്തുജാമും ചില എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഏറ്റവും ഒടുവിലാണ് ആമോയുടെ രാജി. രാജി പ്രഖ്യാപിച്ച പിന്നാലെ ആമോയെ പുറത്താക്കിയതായി കോണ്‍ഗ്രസ് പ്രസ്താവനയിറക്കി. അച്ചടക്ക സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു. നരേന്ദ്ര മോദിയുടെയും ബിരന്‍ സിങിന്റെയും വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടാണ് ആമോ ബിജെപിയില്‍ ചേര്‍ന്നതെന്ന് ശാരദ ദേവി പ്രതികരിച്ചു. അദ്ദേഹത്തിന്റെ വരവ് വടക്കുകിഴക്കന്‍ മേഖലയ്ക്ക് കരുത്തു പകരുമെന്നും ശാരദ ദേവി പറഞ്ഞു.

അതേസമയം, ഗോവയില്‍ നിന്ന് മറിച്ചുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. ബിജെപി മന്ത്രി മൈക്കല്‍ ലോബോ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയുടെ ന്യൂനപക്ഷ മുഖങ്ങളിലൊന്നായിരുന്നു ലോബോ. അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ഇദ്ദേഹം. ഇതോടെ ബിജെപി എംഎല്‍എമാരുടെ എണ്ണം 24 ആയി കുറഞ്ഞു. 40 അംഗ നിയമസഭയാണ് ഗോവയിലേത്. 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയായെങ്കിലും ചെറുപാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.

Top