കൊല്ലം:ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. 125 അംഗ ദേശീയ കൗണ്‍സിലിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി.ജനറല്‍ സെക്രട്ടറിയായി എസ്.സുധാകര്‍ റെഡ്ഢി തന്നെ തുടരാനാണ് സാധ്യത.
അതേസമയം സി.ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സി.ദിവാകരനെ കൂടാതെ സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍, സി.എന്‍.ജയദേവന്‍ എന്നിവരെയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദേശിയ കൗൺസിലിൽ കേരളത്തിൽ നിന്ന് പുതുതായി അഞ്ച് പേരെ ഉൾപ്പെടുത്തി. കെ പി രാജേന്ദ്രൻ, എന്‍ അനിരുദ്ധൻ, പി വസന്തം, എന്‍ രാജൻ, ഇ ചന്ദ്രശേഖരൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മഹേഷ് കക്കത്തിനെ കാൻഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.
ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞിരുന്നു. തനിക്ക് ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും ദിവാകരന്‍ പറഞ്ഞു. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. പുതിയതായി ഉൾപ്പെടുത്തിയവർ എല്ലാം കാനം പക്ഷക്കാരാണ്.
എന്നാല്‍ സി.ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏകകണ്ഠമായ തീരുമാനമായിരുന്നു അത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പാനലില്‍ 20 ശതമാനം പുതുമുഖങ്ങളായിരിക്കണമെന്ന് പാര്‍ട്ടിയുടെ ചട്ടമുണ്ട്. അതുപ്രകാരമാണ് ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.