കണ്ണൂര്‍: മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുളള ആദ്യ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്. രാവിലെ ഒമ്പതിന് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും. സംസ്ഥാന മന്ത്രിമാര്‍,വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 9.10 ന് റണ്‍വേയില്‍ വിമാനം പറന്നിറങ്ങും. വ്യോമസേനയുടെ കോഡ് ബി വിമാനമുപയോഗിച്ചാണ് പരീക്ഷണപ്പറക്കല്‍. ബെംഗളൂരുവില്‍ നിന്നുമെത്തുന്ന വിമാനം ചടങ്ങുകള്‍ക്കു ശേഷം വീണ്ടും പറന്നുയരും. പരീക്ഷണപ്പറക്കലിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെ, സിഗ്നല്‍പോലും സ്‌ഥാപിക്കാതെ ധൃതിപിടിച്ച് നടത്തുന്ന പരീക്ഷണ പറക്കല്‍ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രമാണെന്നും എല്‍.ഡി.എഫ്. ആരോപിച്ചു. സാധാരണഗതിയില്‍ വിമാനത്താവളം സജ്‌ജമായശേഷം ഔപചാരിക ഉദ്‌ഘാടനത്തിന് തൊട്ടുമുമ്പാണ് പരീക്ഷണപ്പറക്കല്‍ നടത്തുകയെന്നാണ് സി.പി.എം ആരോപിക്കുന്നത്. കണ്ണൂരില്‍ ഈവര്‍ഷം മെയില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുകയായിരുന്നു ലക്ഷ്യം.
ഇതനുസരിച്ച് 2015 ഡിസംബര്‍ 31നകം പരീക്ഷണപ്പറക്കല്‍ നടത്തുമെന്നും വിമാനത്താവള കമ്പനി (കിയാല്‍) അധികൃതര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രവൃത്തി മുന്നോട്ടുപോയില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നതുപോയെ സെപ്‌തംബറിലും വാണിജ്യാടിസ്‌ഥാനത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് വിമാനത്താവള പ്രദേശം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകുമെന്നും സി.പി.എം. ആക്‌ടിംഗ് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.
പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്ന കോഡ് 2 ബി വിമാനം കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് മുകളിലൂടെ പറന്ന് പരിശോധന നടത്തിയിരുന്നു. ബംഗളുരുവില്‍ നിന്നെത്തിയ വിമാനം റണ്‍വേയ്‌്ക്കു മുകളിലൂടെ മൂന്നുവട്ടം ചുറ്റിയ ശേഷമണ് തിരിച്ചുപോയത്. ഇന്നു നടക്കുന്ന പരീക്ഷണ പറക്കലിന് ഉള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പദ്ധതി പ്രദേശത്ത് പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന് സമീപത്തായാണ് ചടങ്ങുകള്‍ക്കുള്ള പന്തലും വേദിയും തയാറാക്കിയിരിക്കുന്നത്. പരീക്ഷണ പറക്കല്‍ വീക്ഷിക്കുന്നതിന് എത്തുന്ന ജനങ്ങള്‍ക്കുവേണ്ടി റണ്‍വേയ്‌ക്കു സമീപം ബാരിക്കേഡ് കെട്ടിത്തിരിച്ചിട്ടുണ്ട്. റണ്‍വേയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ 1500 മീറ്ററാണ് പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്നത്. പരീക്ഷണ പറക്കല്‍ ചടങ്ങ് വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിലെന്ന് കിയാല്‍ എം.ഡി: ജി. ചന്ദ്രമൗലി പറഞ്ഞു. പരീക്ഷണപ്പറക്കല്‍ ഇന്നു നടക്കുമെങ്കിലും പദ്ധതി യാഥാര്‍ഥ്യമാവാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാല്‍, ദ്രുതഗതിയില്‍ റണ്‍വേ അടക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത് സംസ്‌ഥാന സര്‍ക്കാരിന്റെ നേട്ടമാണ്.
സെപ്‌റ്റംബറില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ സര്‍വിസ് നടത്തുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമേ വിമാനത്താവളം പൂര്‍ത്തിയാവുകയുള്ളൂവെന്നാണ് പൊതു വിലയിരുത്തല്‍.എല്ലാവിധ അംഗീകാരങ്ങളും നേടി വാണിജ്യാടിസ്‌ഥാനത്തില്‍ സര്‍വിസ് ആരംഭിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവരും.
1892 കോടി രൂപയാണ് പദ്ധതിയുടെ മൊത്ത ചെലവ്. രണ്ടു ഘട്ടങ്ങളിലായാണ് വിമാനത്താവള വികസനം നടപ്പിലാക്കുത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2016 – 17 മുത 2025 – 26 വരെയും രാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ 2026 – 27 മുതല്‍ 2045 – 46 വരെയുമാണ് ഉദ്ദേശിക്കുത്. ഒന്നാംഘട്ടത്തില്‍ പ്രധാന റൂട്ടുകളായ യു.എ.ഇ., കുവൈറ്റ്, സൗദി അറേബ്യ, ഹോംകോംങ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന എയര്‍ ക്രാഫ്‌റ്റുകള്‍ എത്തിച്ചേരുന്നതിനുളള സൗകര്യം ഒരുക്കുമെന്ന് കിയാല്‍ അധികൃതര്‍ പറയുന്നു. നിരവധി എയര്‍ലൈന്‍ കമ്പനികള്‍ കണ്ണൂര്‍ വിമാനത്താവളത്തി നിന്നും സര്‍വ്വീസ് നടത്തുവാന്‍ താല്‌പര്യപ്പെട്ട് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം പരീക്ഷണപ്പറക്കല്‍ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങ് ബിജെപിയും എല്‍ഡിഎഫും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളെ ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതിലും റണ്‍വേ 4000 മീറ്ററായി ഉയര്‍ത്താത്തതിലും പ്രതിഷേധിച്ചാണ് ബിജെപി ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത്. ചടങ്ങില്‍ നിന്നും കേന്ദ്ര മന്ത്രിമാരേയും മന്ത്രാലയ അധികൃതരേയും ഒഴിവാക്കിയത് കടുത്ത ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചടങ്ങ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് മേളയാക്കി മാറ്റിയിരിക്കുകയാണെന്ന ആരോപണം ശക്തമാണ്