ബസ് ജീവനക്കാരനെ വെട്ടിനുറുക്കിയ ഷാജിയും മണിച്ചനും ഉള്‍പ്പെടെ കൊടും ക്രിമിനലുകളെ വിട്ടയക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; മുന്‍ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്ത്

കൊച്ചി: ക്രിമിനല്‍ കേസ് പ്രതികളെ കൂട്ടത്തോടെ വിട്ടയക്കാനുള്ള തീരുമാനവും അതിനു പിന്നാലെ ഉണ്ടായ വിവാദവും കത്തികേറുന്നതിനിടെ നിര്‍ണ്ണായക വിവരങ്ങള്‍കൂടി പുറത്ത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മണിച്ചനടക്കമുള്ള 216 കൊടുക്രിമിനലുകളെ ജയില്‍ മോചിതരാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ 216 പേര്‍ക്ക് അകാല വിടുതല്‍ നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഡിവൈഎസ്പി ആര്‍ ഷാജി, ശിവജി, പേട്ട ദിനേശന്‍, ദാസന്‍, മണിച്ചന്‍, കൊച്ചനി തുടങ്ങിയവര്‍ ശിക്ഷ വെട്ടിക്കുറച്ച് തുറന്നുവിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെ വിട്ടയക്കാന്‍ 2016 മാര്‍ച്ച് ഒന്നിലെ മന്ത്രിസഭായോഗം തീരുമാനമെടുക്കുകയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു. 2809 പേര്‍ക്ക് രണ്ടുതവണയായി ശിക്ഷായിളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്തതു കൂടാതെ, കൊലക്കേസ് പ്രതികളടക്കം 216 പേരെ വിട്ടയക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയതിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടി വിട്ടയക്കാന്‍ തീരുമാനിച്ചവരില്‍പ്പെട്ട ഡിവൈഎസ്പി ഷാജി, ബസ് ജീവനക്കാരനെ വെട്ടി കഷണങ്ങളാക്കി കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. നാല് കൊലക്കേസില്‍ പ്രതിയാണ് ശിവജി. മൂന്നു പ്രാവശ്യം ജയില്‍ ചാടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ വധശ്രമക്കേസിലും എസ്എഫ്‌ഐ നേതാവ് കെ വി സുധീഷ് വധക്കേസിലും ശിക്ഷിക്കപ്പെട്ട ആളാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിക്കുന്ന പേട്ട ദിനേശന്‍. സിപിഐ എം പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ കനകരാജന്‍ വധക്കേസിലെ പ്രതിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ദാസന്‍. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് മണിച്ചനും സഹോദരന്‍ കൊച്ചനിയും.
കൊടും ക്രിമിനലുകളെ വിട്ടയക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പ്പര്യമെടുത്തെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2015 നവംബര്‍ 24നാണ് ഉമ്മന്‍ചാണ്ടി ഇതിനുള്ള പ്രത്യേക കുറിപ്പ് തയ്യാറാക്കിയത്.

പ്രത്യേക ഇളവ് ഉള്‍പ്പെടെ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാര്‍ക്ക് അകാലവിടുതല്‍ നല്‍കാനായിരുന്നു നിര്‍ദേശം. ഇതോടെ ആഭ്യന്തരവകുപ്പ് പ്രത്യേക ഫയല്‍ തയ്യാറാക്കി 2016 മാര്‍ച്ച് ഒന്നിലെ മന്ത്രിസഭയില്‍ വച്ചു. മന്ത്രിസഭായോഗം 216 തടവുകാരുടെ അകാലവിടുതലിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ സമിതിയെ നിയമിച്ചു. തടവുകാരെ വിട്ടയക്കണമെങ്കില്‍ ജയില്‍ ഉപദേശകസമിതിയുടെ അടക്കം റിപ്പോര്‍ട്ട് വേണം. ഇത് മറികടക്കാനായിരുന്നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരും സമിതിയില്‍ അംഗമായിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവും ചോദിച്ചു. അന്നത്തെ ജയില്‍മേധാവിയായിരുന്ന ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.

ഇതിനുപുറമെയാണ് നേഴ്‌സിനെ കുത്തിക്കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മെല്‍വിന്‍ പാദുവയെ ഉമ്മന്‍ചാണ്ടി മോചിപ്പിച്ചത്. മെല്‍വിന്‍ പാദുവയെ വിട്ടയക്കാനുള്ള നിര്‍ദേശത്തിന് ജയില്‍ ഉപദേശകസമിതിയില്‍ ഭൂരിപക്ഷമില്ലായിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടി പ്രത്യേക ഉത്തരവിറക്കി അന്നത്തെ വെല്‍ഫെയര്‍ ഓഫീസറെ ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തി കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കുകയായിരുന്നു.

1987ല്‍ അയല്‍വാസിയെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഡേവിഡ് ലാലിയുടെ ശിക്ഷതന്നെ ഉമ്മന്‍ചാണ്ടി ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. 27 വര്‍ഷം രാജ്യത്തിനകത്തും പുറത്തും ഒളിവില്‍ കഴിഞ്ഞ ഇയാളുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ഇത് ലംഘിച്ച് 2014 ജൂണ്‍ മൂന്നിന് ഡേവിഡ് ലാലിയെ മോചിപ്പിക്കാനുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഇയാളെ ജയിലില്‍ അടച്ചത്.

Top