‘നോയിഡ ഇന്റർനാഷ്ണൽ എയർപോർട്ടിന് ‘ ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി: ഉയരുക രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ നോയിഡയിലെ ജോവാർ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന സിവിൽ ഏവിയേഷൻ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ക്യാബിനറ്റ് സഹപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് വൻ സുരക്ഷാ സന്നാഹങ്ങൾക്കിടയിലും ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

10,500 കോടി രൂപ മുതൽമുടക്കിലുള്ള രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ജേവാർ.1300 ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം. രണ്ടുവർഷത്തിനുള്ളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടമെന്ന് അധികൃതർ പറഞ്ഞു. മൊത്തം 5000 ഹെക്ടറിലാണ്‌ വിമാനത്താവളം വികസിപ്പിക്കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ട് റൺവേകളാണ് ആകെ ഉണ്ടാവുക. ഇതിനായി 29,560 കോടി രൂപ മുതൽമുടക്കും. വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിർമിക്കുന്നുണ്ട്. സൂറിക് എയർപോർട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിർമാണക്കരാർ. യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (നിയാൽ) എന്നിവയാണ് കരാർ പങ്കാളികൾ.

മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്, ഹൗസിങ് മെട്രോ, ഹൈ സ്പീഡ് റെയിൽ സ്റ്റേഷനുകൾ, ടാക്‌സി, ബസ് സർവീസുകൾ, സ്വകാര്യ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ സെന്ററും വിമാനത്താവളത്തിൽ വികസിപ്പിക്കുന്നുണ്ട്. റോഡ്, റെയിൽ, മെട്രോ എന്നിവയുമായി വിമാനത്താവളത്തിന്റെ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഇത് സാധ്യമാക്കും.

വ്യവസായ വികസനത്തിനും ടൂറിസത്തിനും വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് ഈ വിമാനത്താവളം. ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്സ് ഗേറ്റ്‌ വേയായി വിമാനത്താവളം മാറുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാക്കുന്നത്. വ്യാവസായിക ഉത്‌പന്നങ്ങളുടെ തടസ്സമില്ലാതെയുള്ള സഞ്ചാരം സാധ്യമാകുന്നതോടെ വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യാവസായിക വളർച്ചയ്ക്കും വഴിയൊരുങ്ങും.

നിർമാണം പൂർത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യു.പി മാറും. ലഖ്‌നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന യു.പിയിൽ കഴിഞ്ഞ മാസം കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം പുരോഗമിക്കുന്നു. നിലവിലുള്ള താജ് എക്സ്പ്രസ് വേ ജേവാർ വിമാനത്താവളവുമായി റോഡ് മാർഗം ബന്ധിപ്പിക്കുമെന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാവും. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പദ്ധതി ഗുണം ചെയ്യും. ഗ്രേറ്റർ നോയിഡയിലേക്ക് 45 കിലോമീറ്ററാണ് ജേവാറിൽ നിന്നുള്ള ദൂരം. താജ് എക്സ്പ്രസ്വേയിലൂടെ സഞ്ചരിച്ചാൽ 45 മിനിറ്റാണ് യാത്രാദൂരം.

നോയ്ഡയും ഡൽഹിയും മെട്രോ സർവീസ് വഴി വിമാനത്താവളവുമായി കണ്ണി ചേർക്കും. യമുന അതിവേഗപാത, വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ്‌ വേ, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ ഡൽഹി-മുംബൈ എക്സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡൽഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. ഈ വിമാനത്താവളം യു.പിയിലെ ടൂറിസം മേഖലയ്ക്കും ഉണർവേകും. താജ്മഹൽ സന്ദർശിക്കുന്നവർക്ക് ഡൽഹിയിൽ ഇറങ്ങാതെ, ജേവാർ വിമാനത്താവളം വഴി പോകാൻ സൗകര്യമൊരുങ്ങും.

ജേവാറിൽ നിന്ന് 140 കിലോമീറ്ററേ ആഗ്രയിലേക്കുള്ളൂ. താജ് എക്സ്പ്രസ് വേയിലൂടെ രണ്ടര മണിക്കൂറാണ് യാത്രാദൂരം. തീർഥാടന കേന്ദ്രങ്ങളായ വൃന്ദാവൻ, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും വിമാനത്താവളം ഗുണം ചെയ്യും. ലക്‌നൗ, വാരാണസി, അലഹാബാദ്, ഗൊരഖ്പുർ എന്നീ വിമാനത്താവളങ്ങളെ ഉഡാൻ വഴി ജേവാറുമായി ബന്ധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Top