കണ്ണൂര്‍ ജില്ലയിലെ ഒരു നിധിക്കഥയും കുറെ പ്രശ്‌നങ്ങളും; മണ്ണിനടിയില്‍ മറഞ്ഞു കിടക്കുന്നത് സത്യത്തില്‍ എന്താണ് ?

കണ്ണൂർ ജില്ലയിലെ പെരിങ്ങോം പഞ്ചായത്തിലെ അരവഞ്ചാല്‍ കണ്ണങ്കൈയിലെ ഒരു റബര്‍ തോട്ടത്തില്‍ ചെങ്കല്‍ ഗുഹയ്ക്കുള്ളില്‍ നിധിശേഖരമുണ്ട്. കേട്ടപാതി കേൾക്കാത്തപാതി ആളുകൾ പരക്കം പാഞ്ഞു. ചിലർ പ്രത്യേക പൂജകള്‍ നടത്തി. ചിലർ രാത്രി കാലങ്ങളിൽ സ്ഥലത്തെത്തി നിധി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി. മറ്റ് ചിലർ നിധിശേഖരമുള്ള സ്ഥലം കാണുന്നതിനായി കൂട്ടത്തോടെ എത്തിത്തുടങ്ങി.അരവഞ്ചാലില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമാണിവിടേയ്ക്ക്ക്കുള്ളത്.

നിധി വിവരം പോലീസിനേയും വില്ലേജ് അധികൃതരേയും ശരിക്കും വെള്ളം കുടിപ്പിക്കുകയാണ്. പുരാവസ്തു വകുപ്പ് ഇടപെടണമെന്ന ആവശ്യമായി ഇതിനിടെ ചിലര്‍ മുന്നോട്ട് വന്നിട്ടുണ്ട്. മറ്റുചിലര്‍ നിധി ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തണമെന്നും പറയുന്നു. എന്തായാലും ചില ദുരൂഹതകള്‍ ഇതിലില്ലേയെന്ന് സംശയിക്കുന്നവരുമുണ്ട്. മണ്ണിനടിയിൽ മറഞ്ഞു കിടക്കുന്നത് സത്യത്തിൽ എന്താണ് ? നിധിയുണ്ടോ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി ഉയരുകയാണ്. എന്തായാലും ആശങ്കയുടെ മുൾമുനയിലാണ് ഇന്ന് പെരിങ്ങോം വയക്കര പഞ്ചായത്തിലെ അരവഞ്ചാൽ എന്ന ഗ്രാമം. അരവഞ്ചാൽ കണ്ണങ്കൈ എന്ന പ്രദേശത്തെ ഒരു റബർ തോട്ടത്തിൽ ഏറെക്കാലം കാട് മൂടിക്കിടന്ന മുനിയറകളാണ് ഇപ്പോൾ നാട്ടുകാരെയാകെ ആശങ്കയുടെയും അഭ്യൂഹത്തിന്‍റെയും മുൾമുനയിൽ നിർത്തുന്നത്.

കണ്ണങ്കൈ കോളനി റോഡിനോട് ചേർന്ന റബർ തോട്ടത്തിലെ മുനിയറക്കുള്ളിൽ നിധിയുണ്ടെന്ന പ്രചരണം ശക്തമായതോടെ ഈ സ്ഥലത്ത് സന്ദർശകരായും നിധിവേട്ടക്കാരായും എത്തുന്നത് നിരവധി പേരാണ്. ഏഴിലോട് സ്വദേശി ഏതാനും വർഷം മുമ്പ് പ്രദേശവാസിയിൽ നിന്ന് വിലക്കു വാങ്ങിയ ഒരേക്കറാണിത്. എന്നാൽ അടുത്ത കാലത്ത് ഇവിടെ ഒരു പ്രത്യേകഭാഗം മറച്ചുകെട്ടി പൂജ നടത്താൻ ശ്രമം നടന്നതായി പറയപ്പെടുന്നു.

ഇതോടെ പൂജാകർമം നിധിയെടുക്കാൻ വേണ്ടി നടത്തിയതാണെന്ന പ്രചരണം ശക്തമായി. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് മുഖേന ഏതാനും വ്യക്തികളുടെ പേരുൾപ്പെടെ പരാമർശിച്ച് നടന്ന പ്രചരണം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഇത് വിവാദമായതോടെ മറ കെട്ടിയതൊക്കെ നീക്കം ചെയ്തു. എന്നാൽ ഇരുട്ടിന്‍റെ മറവിൽ പ്രദേശം കിളച്ചിളക്കാൻ ശ്രമം നടന്നതോടെ നിധിയെക്കുറിച്ചുള്ള അഭ്യൂഹം ശക്തമാവുകയും ചെയ്തു.

പുരാതന നിർമാണ വിദ്യകൾ ഉപയോഗിച്ചുള്ള പാറക്കുഴിയും സ്മാരകശിലകൾ പോലെ ചെത്തിയൊരുക്കിയ കല്ലുകളും ഇവിടെ കാണാനുണ്ട്. ആൾനൂഴി പോലെ തോന്നിക്കുന്ന പാറക്കുഴിക്കുള്ളിൽ വിസ്തൃതമായ ഗുഹയാണെന്നും പറയുന്നു. ഇതെല്ലാം ചരിത്ര ഗവേഷകർ മുമ്പ് കണ്ടെത്തിയിട്ടുള്ള മുനിയറകളോട് സാമ്യമുള്ളതുമാണ്. പെരിന്തട്ട, പെരിങ്ങോം വില്ലേജുകളിൽ പലയിടത്തും ഇത്തരത്തിലുള്ള മുനിയറകളുടെയും നന്നങ്ങാടികളുടെയും ശേഷിപ്പുകൾ ചരിത്ര ഗവേഷകർ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുമുണ്ട്. കണ്ണങ്കൈയിലുള്ളതും മുനിവര്യൻമാർ സമാധിയിരുന്ന അറയാണെന്ന് വിശ്വസിക്കുന്നവരാണ് പ്രദേശത്തെ പഴമക്കാർ.

കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും രാത്രിയുടെ മറവിൽ ഇവിടേക്ക് ഗൂഢലക്ഷ്യങ്ങളുമായി ആരൊക്കെയോ വന്നു പോകുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. പിന്നാലെ നിധിക്കഥ പുറത്തുവിട്ട വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉടമയെ തേടി സൈബർ പൊലീസും അലയുന്നു. എന്നാൽ യാഥാർഥ്യം പുറത്തു കൊണ്ടുവരാൻ പുരാവസ്തു വകുപ്പിന്‍റെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് പുരോഗമന ചിന്തയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

അരവഞ്ചാൽ കണ്ണങ്കൈ എന്ന പ്രദേശത്തെ ഒരു റബർ തോട്ടത്തിൽ ഏറെക്കാലം കാട് മൂടിക്കിടന്ന മുനിയറക്കുള്ളിൽ നിധിശേഖരമില്ലെന്ന് വില്ലേജ് അധികൃതർ പറയുന്നു. മുനിയറക്കുള്ളിൽ നിധിശേഖരമുണ്ടെന്ന് നവ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്ന് പെരിന്തട്ട വില്ലേജ് ഓഫീസർ സുനീഷ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

സ്ഥലമുടമയായ ഏഴിലോട് സ്വദേശിയുടെ സഹോദരന്‍റെ സാന്നിധ്യത്തിലാണ് വില്ലേജ് അധികൃതർ പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഇന്നും ഈ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. രാത്രിയില്‍ പരിചയമില്ലാത്ത പലരും ഈ ഭാഗങ്ങളിലൂടെ യാത്രചെയ്യുന്നു. നിധിയുടെ പേരില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്തുന്നവരാണോയെന്നും നാട്ടുകാര്‍ സംശയിക്കുന്നു.

Top