കണ്ണൂര്‍:കണ്ണൂരില്‍ കുതിരക്കച്ചവടത്തിനു ശ്രമം ? തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ ഭരണം പിടിക്കാന്‍ സിപിഎം നീക്കം. ഭരണം നേടാന്‍, കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷിന്റെ പിന്തുണ സ്വീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചാല്‍ യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന നിലപാടിലാണു രാഗേഷ്. ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെയാണു കോണ്‍ഗ്രസ് വിമതന്റെ പിന്തുണ നിര്‍ണായകമായത്.
ആകെയുള്ള 55 ഡിവിഷനുകളില്‍ 27 എണ്ണം വീതം ഇടത്‌വലത് മുന്നണികള്‍ നേടി. ബിജെപിക്ക് ഒരു ഡിവിഷനില്‍ പോലും വിജയിക്കാനായില്ല .ഇരു മുന്നണികളും ഇപ്പോള്‍ വിമതാംഗത്തിന് പിന്നാലെയാണ്. ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെവെച്ചു നീട്ടിയാണ് ഇടതും വലതും വിമതനെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമതനെകൂടെ കൂട്ടാന്‍തയ്യാറാണെന്നും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷ് താന്‍ ഏത്പക്ഷത്ത് നിലയുറപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഡെപ്യൂട്ടി മേയര്‍സ്ഥാനവും ഡിസിസിനേതൃമാറ്റവും ആവശ്യപ്പെട്ടതായാണ് സൂചന. ഇതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ട്. വിലപേശലിന് വഴങ്ങരുതെന്ന് കെ സുധാകരന്‍ പറയുന്നുണ്ടെങ്കിലും സുധാകര പക്ഷത്തുള്ള കൗണ്‍സിലര്‍മാരും എ വിഭാഗവും രാഗേഷിനെ കൂട്ടി ഭരിക്കണമെന്ന നിലപാടിലാണ്.
ഇരുമുന്നണികളിലെയും സ്വതന്ത്രരെ സ്വന്തമാക്കാനുള്ള കരുനീക്കങ്ങളും മുന്നണികള്‍ ആരംഭിച്ചു. ഐഎന്‍എല്‍ സ്വതന്ത്രനെ യുഡിഎഫ് പക്ഷത്ത് ചേര്‍ക്കാനുള്ള ശ്രമം നടന്നതായി സിപിഎം ആരോപിക്കുന്നു.
കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് വിമതന്‍. കെപിസിസി ചില വാഗ്ദാനങ്ങള്‍ നല്‍കിയതായും സൂചനയുണ്ട്. 10 അംഗങ്ങളുള്ള മുസ്ലീം ലീഗും വിമതനുമായുള്ള ഒത്തു തീര്‍പ്പിനെതിരാണ്. ലീഗിന്റെ സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണം രാഗേഷിന്റെ നേതൃത്വത്തിലുള്ള 7 വിമത സ്ഥാനാര്‍ത്ഥികളാണെന്ന് അവര്‍ പറയുന്നു.