കണ്ണൂര്‍ :കണ്ണൂർ വീണ്ടും കലാപ ഭൂമിയാകുന്നു .തലശേരിയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉണ്ടായി . നഗരസഭാംഗത്തിന്‍റേതുള്‍പ്പടെ രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. സംഭവത്തില്‍ ഇരു പാര്‍ട്ടിയിലും പെട്ട ആറ് പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് രണ്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചു.
എരഞ്ഞോളി പാലം, ചോനാടം, കൊളശേരി, എടത്തിലമ്പലം മേഖലകളിലാണ് ഇന്നലെ രാത്രി മുതല്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉടലെടുത്തത്. പുലര്‍ച്ചെ ഒരു മണിയോടെ ബി.ജെ.പി നേതാവും നഗരസഭാംഗവുമായ പ്രബീഷിന്റെ വീടിന് നേരെ ബോംബേറുണ്ടായി. തൊട്ട് പിന്നാലെ സി.പി.എം പ്രവര്‍ത്തകരായ കാവുംഭാഗത്തെ ചെറിയാണ്ടി വസന്തയുടെ വീടിന് നേരെയും ബോംബേറുണ്ടായി. സംഭവത്തില്‍ വസന്തക്കും സഹോദരിയുടെ മകന്‍ നിഖിലേഷിനും പരിക്കേറ്റു.
ഇന്നലെ വൈകീട്ട് എരഞ്ഞോളി പാലത്തിന് സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ ചോനാടത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കതിരൂര്‍ സ്വദേശി പ്രശോഭിന് നേരെ അക്രമമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.