കണ്ണൂര്‍ : കൂത്തുപറമ്പ് ടൗണിനടുത്ത പഴയനിരത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി. പറുക്കളം-പഴയനിരത്ത് റോഡരികിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിലയിലാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടത്തെിയത്. 32 ഉഗ്രശേഷിയുളള നാടന്‍ബോംബ്, 14 വാള്‍, ഒരു റിവോള്‍വര്‍, രണ്ട് തിരകള്‍, ഒരു എസ് കത്തി, ഏഴ് പ്രത്യേകതരം ഇരുമ്പ്ദണ്ഡ്, രണ്ട് ഹോക്കി സ്റ്റിക്ക്, ഒരു സഞ്ചിയില്‍ നായ്ക്കുരണപ്പൊടി എന്നിവയാണ് ഇന്നലെ രാവിലെ 11 മണിയോടെ എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ഷാഹുലിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപക അക്രമത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സിപിഎം കരുതിവെച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് പിടികൂടിയത്. സിപിഎം ക്രിമിനല്‍ സംഘനേതാവ് മനോരാജ് എന്ന നാരായണന്റെ നേതൃത്വത്തിലുളള സംഘം തമ്പടിക്കുന്ന സ്ഥലമാണ് ഇത്. പിടികൂടിയ ആയുധങ്ങളും ബോംബുകളും കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം വടിവാളുകളും ബോംബുകളും റിവോള്‍വറും ഇരുമ്പ്ദണ്ഡുമൊക്കെ ഒരുമിച്ച് പിടികൂടുന്നത്.
തെരഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തതിനു ഉപയോഗിക്കാനാണ് നായ്ക്കുരണപ്പൊടിയെന്ന് വ്യക്തമാണ്.
ബൂത്ത് ഏജന്റുമാരെ ഓടിക്കാന്‍ സിപിഎം ജില്ലയില്‍ പ്രയോഗിക്കുന്നത് നായ്ക്കുരണപ്പൊടിയാണ്. പിടികൂടിയ ബോംബുകള്‍ പുതിയതായി നിര്‍മ്മിച്ചതാണ്. വാളുകള്‍ ചാക്കില്‍പൊതിഞ്ഞ നിലയിലായിരുന്നു. തലശേരി ഡിവൈഎസ്പി സാജുപോള്‍, കൂത്തുപറമ്പ് സിഐ പ്രേംസദന്‍, എസ്‌ഐ ശിവന്‍ ചോടോത്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. അബ്ബാസ് എന്നയാളുടെ ഉടമസ്ഥതയിലുളള വീട്ടില്‍നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്. ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്. ആയുധങ്ങള്‍ സൂക്ഷിച്ചവരെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും ശക്തമായ അന്വേഷണമുണ്ടാവുമെന്ന് സിഐ പ്രേംസദന്‍ പറഞ്ഞു.പൊലീസിനെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ ഇത്രയും വലിയ ആയുധശേഖരം കണ്ടെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് അക്രമത്തിനായി കരുതിയ ആയുധങ്ങളാവാം ഇതെന്നു പൊലീസ് സംശയിക്കുന്നു. ആയുധങ്ങളിൽ പഴയ കുറച്ച് ആയുധങ്ങളും കുറേയെണ്ണം പുതുതായി മൂർച്ചകൂട്ടി സൂക്ഷിച്ചതുമാണ്.